തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച് ഡി സി ആൻഡ് ബി എം പരീക്ഷകൾ മാറ്റി വച്ചു. ജൂലായ് 31, ഓഗസ്റ്റ് 2 തീയതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം പി അറിയിച്ചു. പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു.

സർക്കാർ ജീവനക്കാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണം; ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി വി വേണു. മഴ കനക്കുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ തീവ്രമഴമുന്നറിയിപ്പ് നല്‍കിയിട്ടുമുള്ള സാഹചര്യത്തില്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്.

ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി നിര്‍ത്തുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.