ഒളിമ്പിക്സിൽ മനു ഭാക്കർ - സരബ്ജോത് സിംഗ് സഖ്യത്തിന് വെങ്കലം
മനു ഒരേ ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരി
പാരീസ് : 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗ ഇനത്തിലെ വെങ്കലത്തിന് പിന്നാലെ മിക്സഡ് ഡബിൾസിലും മൂന്നാമതെത്തിയ വനിതാ ഷൂട്ടർ മനു ഭാക്കർ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ യശസ്സുയർത്തി. ഇന്നലെ സരബ്ജോത് സിംഗിനൊപ്പം വെങ്കലമെഡലിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയൻ താരജോഡിയെ 16-10ന് കീഴടക്കിയാണ് മനു ചരിത്രമെഴുതിയത്. സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരമാണ് മനു ഭാക്കർ. ഷൂട്ടിംഗിൽ ഒന്നിലേറെ ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവും ഈ 22കാരിതന്നെ. വെള്ളിയാഴ്ച 25 മീറ്റർ പിസ്റ്റൾ ഇനത്തിൽക്കൂടി മനു മത്സരിക്കുന്നുണ്ട്.
ടേബിൾ ടെന്നിസിൽ മണിക ബത്ര ഈയിനത്തിൽ ഒളിമ്പിക്സ് പ്രീ ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രമെഴുതിയപ്പോൾ പുരുഷ ഹോക്കി ടീം പൂൾ ബിയിലെ മൂന്നാം മത്സരത്തിൽ അയർലാൻഡിനെ 2-0ത്തിന് തോൽപ്പിച്ചു. വനിതകളുടെ വ്യക്തിഗത ആർച്ചറിയിൽ ഭജൻ കൗർ ക്വാർട്ടറിലേക്ക് യോഗ്യത നേടി.