പാരീസ് : ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം ഗ്രൂപ്പ് സിയിൽ നിന്ന് ചാമ്പ്യന്മാരായി ക്വാർട്ടറിൽ എത്തി. ഇന്നലെ നടന്ന ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് റിയാൻ അർഡിയാന്റൊ -ഫജർ അൽഫിയാൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ ചിരാഗ് - സാത്വിക് സഖ്യം അനായാസം കീഴടക്കി. സ്കോർ: 21-13,21-13.
തിങ്കളാഴ്ച തന്നെ ഇന്ത്യൻ സഖ്യം ക്വാർട്ടർ ഉറപ്പിച്ചിരുന്നു. തിങ്കഴാഴ്ച ഇന്ത്യയുടെ എതിരാളികളായിരുന്ന ജർമ്മൻ സഖ്യം ഒരുതാരത്തിന് പരിക്കേറ്റതിനെ തുടർന്ന് പിന്മാറുകയും, വൈകിട്ട് ഫ്രാൻസ്- ഇന്തോനേഷ്യയോട് തോൽക്കുകയും ചെയ്തതോടെ സാത്വികിനും ചിരാഗിനും ക്വാർട്ടറിലേക്ക് വഴിതുറന്നു കിട്ടുകയായിരുന്നു.
ഇന്ത്യൻ ജോഡിയോട് തോറ്റെങ്കിലും മുഹമ്മദ് റിയാൻ അർഡിയാന്റൊ -ഫജർ അൽഫിയാൻ സഖ്യം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിൽ എത്തി.
വനിതാ ടീമിന് സമ്പൂർണ തോൽവി
ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിലും തോറ്റ ഇന്ത്യയുടെ അശ്വിനി പൊന്നപ്പയ്ക്കും തനിഷ ക്രാസ്റ്റോയ്ക്കും പാരീസ് ഒളിമ്പിക്സ് സമ്പൂർണ തോൽവിയുടേതായി.ഇന്നലെ ഗ്രൂപ്പിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിൽ ഓസ്ട്രേലിയയുടെ സെത്യാന മപാസ- ആഞ്ജല യു സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളിൽ 15-21,10-21നാണ് അശ്വിനിയും തനിഷയും തോറ്റത്.