a

ബെയ്റൂട്ട്: ഇസ്രയേൽ അതിർത്തിയിലെ സംഘർഷം അതിവേഗം വഷളാകുമെന്ന മുന്നറിയിപ്പ് നൽകി ലബനിനിലെ തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ അഭ്യർത്ഥിച്ച് ബ്രിട്ടൻ. വ്യോമാക്രമണങ്ങൾ നടക്കുകയാണെന്നും സ്ഥിതിഗതികയൾ അതിവേഗം വഷളാകാനുള്ള സാധ്യത വളരെ വലുതാണെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞു. എല്ലാ സാഹചര്യങ്ങൾക്കും തയ്യാറാണെന്ന് ഉറപ്പാക്കാൻ വിദേശ ഓഫീസ് കോൺസുലർ ടീമുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും എന്നാൽ ഈ സംഘർഷം രൂക്ഷമായാൽ, എല്ലാവരെയും ഒഴിപ്പിക്കാൻ കഴിയുമെന്ന് സർക്കാരിന് ഉറപ്പുനൽകാൻ കഴിയില്ലെന്നും ലെബനിൽ തന്നെ അഭയം തേടേണ്ടിവരുമെന്നും ലാമി കൂട്ടുച്ചേർത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ചൊവ്വാഴ്ച അടിയന്തര പ്രതികരണ സമിതിയുടെ യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്തതായും ലാമി പറ‌‌ഞ്ഞു. അതുകൊണ്ട് ബ്രിട്ടീഷ് പൗരന്മാൻ ഉടൻ ലെബനിൻ വിടാൻ അഭ്യർത്ഥിക്കുന്നതായി ലാമി പറഞ്ഞു. ലെബനിനിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗൊലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണത്തിൽ 12 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിച്ചത്. ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഗൊലാൻ കുന്നുകളിലെ ആക്രമണ ശേഷം ഇസ്രയേൽ-ഹിസ്ബുല്ല ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മേഖല കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നെന്നാണ് പുതിയ ആക്രമണങ്ങൾ നൽകുന്ന സൂചന. അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ, ലബനാൻ നേതൃത്വവുമായി ചർച്ച നടത്തുന്നതായി യു.എസ് ദേശീയ സുരക്ഷ കൗൺസിൽ അറിയിച്ചു.