ഹോക്കിയിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് ഇന്ത്യ
പാരീസ് : ഒളിമ്പിക്സ് പുരുഷ ഹോക്കി പൂൾ ബിയിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ക്യാപ്ടൻ ഹർമൻപ്രീത് സിംഗിന്റെ ഇരട്ടഗോളുകളുടെ മികവിൽ ഇന്ത്യ 2-0ത്തിന് അയർലൻഡിനെ കീഴടക്കി . പിന്നാലെ നടന്ന മറ്റൊരു പൂൾ മത്സരത്തിൽ അർജന്റീന ന്യൂസിലാൻഡിനെ തോൽപ്പിച്ചതോടെ ഇന്ത്യയ്ക്ക് ക്വാർട്ടർ ഫൈനൽ ഉറപ്പാവുകയും ചെയ്തു.
മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി പൂൾ ബിയിൽ നിലവിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ആറുടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് നാലു ടീമുകൾ ക്വാർട്ടറിലെത്തും.
മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി അയർലൻഡിനെതിരെ തുടക്കം മുതൽ ഇന്ത്യ ആക്രമണം പുറത്തെടുത്തു. ആദ്യ രണ്ട് മിനിട്ടിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 11-ാം മിനിട്ടിൽ കൗണ്ടർ അറ്റാക്കിന് ഒടുവിൽ കിട്ടിയ പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി ഹർമൻ പ്രീത് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.തുടർന്നും ആക്രമണം കടുപ്പിച്ച ഇന്ത്യയ്ക്ക് 19-ാം മിനിട്ടിൽ തുടരെ രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചു. രണ്ടാ പെനാൽറ്റി കോർണർ ഗോളാക്കി ഹർമൻപ്രീത് ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. തുടർന്ന് പരിചയ സമ്പന്നരായ ഇന്ത്യൻ പ്രതിരോധ നിരയും ഗോളി ശ്രീജേഷും ഐറിഷ് ആക്രമങ്ങളെ നിർവീര്യമാക്കിയതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമായി. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 3-2ന് തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ കരുത്തരായ അർജന്റീനയെ അവസാന നിമിഷം ഹർമൻ പ്രീത് നേടിയ ഗോളിൽ 1-1ന് സമനിലയിൽ തളച്ചു.
നാളെ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ ബെൽജിയത്തിനിെതിരെയും വെള്ളിയാഴ്ച പവർഹൗസുകളായ ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.