കൊച്ചി: കഴുത്തറുപ്പന്‍ വിമാനടിക്കറ്റ് നിരക്കില്‍ നിന്ന് പ്രവാസികളെ രക്ഷിക്കുന്നതിന് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍. കൊച്ചിയില്‍ നിന്ന് ദുബായ് നഗരത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അടുത്ത ഘട്ട നടപടികളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ഈ വിഷയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എന്നാല്‍ കപ്പലുകളുടെ ലഭ്യതക്കുറവാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിലെ ഒരു പ്രധാനപ്പെട്ട വെല്ലുവിളി.
അവധി സീസണുകളില്‍ വിമാനടിക്കറ്റ് നിരക്ക് ആറ് ഇരട്ടി വരെയാണ് കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതിനൊരു പരിഹാരം വേണമെന്നത് പ്രവാസികളുടെ നീണ്ടകാലമായുള്ള ആവശ്യങ്ങളില്‍ ഒന്നാണ്. വിമാനടിക്കറ്റ് നിരക്കിലെ കൊള്ളയെക്കുറിച്ച് കഴിഞ്ഞ ദിവസം വടകര എംപി ഷാപി പറമ്പില്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കഴിയുന്നത്‌പോലെ ഇടപെടാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ കാലങ്ങളായി കൊള്ള തുടരുന്ന പശ്ചാത്തലത്തിലാണ് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നത്. ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. യാത്രാകപ്പലുകള്‍ക്ക് ബെര്‍ത്ത് ഉണ്ടെന്നതാണ് കൊച്ചിയെ പരിഗണിക്കാന്‍ കാരണമെന്ന് മാരിടൈം ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണ യാത്രക്കപ്പലിന് അപ്പുറത്തേക്ക് ആഡംബര സൗകര്യങ്ങളും യാത്രക്കാര്‍ക്ക് കൂടുതല്‍ ചരക്കുകള്‍ കൊണ്ടുവരാനുള്ള സൗകര്യങ്ങളുമാണ് തേടുന്നത്. അടുത്താഴ്ചയാണ് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച.
മലബാര്‍ മേഖലയില്‍ നിന്നാണ് കൂടുതല്‍ പ്രവാസികള്‍ എന്നത് കണക്കിലെടുത്ത് ബേപ്പൂര്‍ അടുത്ത യാത്ര തുറമുഖമാക്കി വികസിപ്പിച്ചെടുക്കും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ 600 പേര്‍ക്ക് അപ്പുറമുള്ള കപ്പലുകള്‍ ബേപ്പൂരിലേക്ക് അടുക്കാന്‍ പ്രയാസമാണ്. വിഴിഞ്ഞം തുറമുഖത്തേക്ക് യാത്രകപ്പല്‍ എന്നത് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.