crime

ലക്‌നൗ: വീട്ടില്‍ അതിക്രമിച്ച് കടന്ന് വൃദ്ധയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 35കാരനായ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ ജൂലായ് 29നായിരുന്നു സംഭവം. കേസില്‍ രാകേഷ് കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ അതിക്രമിച്ച് കടക്കല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഭര്‍ത്താവും മകനും മരണപ്പെട്ടതിന് ശേഷം വയോധിക തനിച്ചായിരുന്നു താമസം. തിങ്കളാഴ്ച മദ്യലഹരിയിലായിരുന്ന പ്രതി വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. വയോധികയുടെ ഭര്‍തൃസഹോദരി വീട്ടിലെത്തിയപ്പോഴാണ് പ്രതി ഇവരെ പീഡിപ്പിക്കുന്നത് കണ്ടത്. ഇവരെ കണ്ടയുടന്‍ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

വയോധിക ബലാത്സംഗം ചെയ്യപ്പെട്ടതിന് പിന്നാലെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയെ പ്രദേശവാസികള്‍ ചേര്‍ന്ന് പൊലീസിന് കൈമാറി. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.