bonacaud

വിതുര: കരടിക്കും കാട്ടാനയ്‌ക്കും, കാട്ടുപോത്തിനും പുറമേ പുലികൂടി എത്തിയതോടെ ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയുടെ നിഴലിലാണ്. ഇവിടെ ഒരാഴ്ചയായി പുലി ഭീതി പരത്തി വിഹരിക്കുകയാണ്. പുലിശല്യം വർദ്ധിച്ചതോടെ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. വളത്തുനായ്ക്കളെയും പുലി കൊന്നൊടുക്കിയതായി പറയുന്നു.

ബോണക്കാടിന് പുറമേ കല്ലാർ മൊട്ടമൂട് മേഖലയിലും, ചാത്തൻകോട് ചെമ്മാംകാലയിലും പുലിശല്യമുള്ളതായി ആദിവാസികൾ അറിയിച്ചു. രണ്ടാഴ്ച മുൻപ് രാവിലെ എസ്റ്റേറ്റ് ലയത്തിന് മുന്നിൽ രണ്ട് കരടികൾ എത്തുകയും, ഒരു തൊഴിലാളിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. എസ്റ്റേറ്റ് പരിസരത്ത് കാട്ടാനകളുടെ ശല്യവും രൂക്ഷമാണ്. തൊഴിലാളികൾ ഉപജീവനത്തിനായി ഇറക്കിയിരിക്കുന്ന കൃഷികൾ മുഴുവൻ നശിപ്പിക്കുകയാണ്. കാട്ടുപോത്തുകളും നാശം പരത്തുന്നുണ്ട്.

വന്യമൃഗശല്യം പതിവ്

വനമേഖലയായതിനാൽ കാട്ടുമൃഗങ്ങൾ പതിവായി എസ്റ്റേറ്റ് പരിസരത്ത് എത്താറുണ്ട്. നേരത്തേ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു തൊഴിലാളി മരണമടഞ്ഞിരുന്നു. മഴ എത്തിയതോടെ കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.

ആക്രമണം പതിവ്

ഒരാഴ്ച മുൻപ് വിതുരയിൽ നിന്നും ബോണക്കാട്ടേക്ക് പുറപ്പെട്ട ദമ്പതികളെ ജ‌ഴ്‌സിഫാം കാണിത്തടം ചെക്ക് പോസ്റ്റിന് സമീപം കാട്ടാന ആക്രമിക്കുവാൻ ശ്രമിച്ചിരുന്നു. ദമ്പതികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബൈക്ക് കാട്ടാന തകർത്തു. വനപാലകർ എത്തിയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിട്ടത്. ഇതിനും മുൻപും ബോണക്കാട് നിന്നും വൈകിട്ട് വിതുരയിലേക്ക് പുറപ്പെട്ട രണ്ട് യുവാക്കളെ കാട്ടാനക്കൂട്ടം ആക്രമിച്ചിരുന്നു.

കാട്ടാനക്കൂട്ടവും

കാണിത്തടം ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ കാട്ടാനകളുടെ വിളയാട്ടമാണ്.പകൽസമയത്തും റോഡരികിൽ കാട്ടാനകളെ കാണാം. ബൈക്ക് യാത്രികരായ അനവധി പേർ ഇതിനകം കാട്ടാനകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.ടൂറിസ്റ്റുകളേയും കാട്ടാനകൾ ഓടിച്ചിട്ടുണ്ട്. രാത്രിയിൽ നടുറോഡിലാണ് അന്തിയുറക്കം. പുലർച്ചെ ബസ് എത്തി ഹോൺ മുഴക്കുമ്പോഴാണ് വനത്തിനുള്ളിലേക്ക് കയറുന്നത്.

അനവധിപേർ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് വിധേയരായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വന്യമൃഗശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.