india-vs-srilanka

പല്ലെക്കെലെ: ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 29 പന്തില്‍ നിന്ന് 27 റണ്‍സ് മാത്രം മതിയായിരുന്നു ശ്രീലങ്കയ്ക്ക് പരമ്പരയില്‍ ഒരു ആശ്വാസ ജയത്തിന്. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യയുടെ സ്‌കോറായ 137ന് ഒപ്പമെത്താന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളുള്ളൂ. 27 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകളും. നിശ്ചിത സമയത്ത് കൈവിട്ടുവെന്ന് തോന്നിച്ച കളി സൂപ്പര്‍ ഓവറില്‍ ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു. സൂപ്പര്‍ ഓവറിലെ ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

സ്‌കോര്‍: ഇന്ത്യ 137-9 (20), ശ്രീലങ്ക 137-8 (20)
സൂപ്പര്‍ ഓവര്‍: ശ്രീലങ്ക 2-2 (0.3), ഇന്ത്യ 4-0 (0.1)

സൂപ്പര്‍ ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിന് മുന്നില്‍ വെറും രണ്ട് റണ്‍സ് മാത്രം നേടിയപ്പോള്‍ തന്നെ അനുവദിനീയമായ രണ്ട് വിക്കറ്റുകളും ശ്രീലങ്കയ്ക്ക് നഷ്ടമായി. ഒരോവറില്‍ മൂന്ന് റണ്‍സ് എന്ന വിജയലക്ഷ്യം വെറും ഒരു പന്തില്‍ തന്നെ ഇന്ത്യ മറികടന്നു. നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച നായകന്‍ സൂര്യകുമാര്‍ യാദവ് ലോകചാമ്പ്യന്‍മാരെ ജയത്തിലേക്ക് കൈപിടിക്കുകയായിരുന്നു.

138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക അനായാസ ജയത്തിലേക്ക് മുന്നേറിയ ശേഷമാണ് മത്സരം ടൈയില്‍ കലാശിച്ചത്. 15.2 ഓവറില്‍ 110ന് ഒന്ന് എന്ന നിലയില്‍ നിന്നാണ് ശ്രീലങ്ക 137ന് എട്ട് എന്ന സ്‌കോറില്‍ ഒതുങ്ങിയത്. അതും പാര്‍ട് ടൈം ബൗളര്‍മാരായ സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു. ഓപ്പണര്‍മാരായ പാത്തും നിസങ്ക 26(27), കുസാല്‍ മെന്‍ഡിസ് 43(41) എന്നിവര്‍ മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നല്‍കിയത്. മൂന്നാമനായി എത്തിയ കുസാല്‍ പെരേര 46(34) റണ്‍സും നേടി.

എന്നാല്‍ ടോപ് 3 ബാറ്റര്‍മാര്‍ക്ക് ശേഷം വന്ന വാണിന്ദു ഹസരംഗ 3(4), ക്യാപ്റ്റന്‍ ചാരിത് അസലങ്ക 0(1), രമേഷ് മെന്‍ഡിസ് 3(6), കാമിന്ദു മെന്‍ഡിസ് 1(3), മഹേഷ് തീക്ഷ്ണ 0(1), എന്നിവര്‍ നിരാശപ്പെടുത്തി. ചാമിന്ദു വിക്രമസിംഗെ രണ്ട് പന്തില്‍ നാല് റണ്‍സും അസിത ഫെണ്‍ണാന്‍ഡോ ഒരു റണ്ണും എടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടിയത്. 37 പന്തില്‍ 39 റണ്‍സ് നേടിയ ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ ആണ് ടോപ് സ്‌കോറര്‍. മുന്‍നിര ബാറ്റര്‍മാര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ റിയാന്‍ പരാഗ് 26(18) വാഷിംഗ്ടണ്‍ സുന്ദര്‍ 25(18) എന്നിവരുടെ പ്രകടനങ്ങളാണ് സ്‌കോര്‍ 100 കടത്തിയത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും റണ്ണൊന്നും നേടാതെ പുറത്തായ സഞ്ജു സാംസണ്‍ ആരാധകരെ നിരാശപ്പെടുത്തി.

യശ്വസി ജയ്‌സ്‌വാള്‍ 10(9), റിങ്കു സിംഗ് 1(2), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 8(9), ശിവം ദൂബെ 13(14), രവി ബിഷ്‌ണോയ് 8*(8) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. മുഹമ്മദ് സിറാജ് 0(1) റണ്ണൗട്ടായി. ശ്രീലങ്കയ്ക്ക് വേണ്ടി മഹേഷ് തീക്ഷണ നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാണിന്ദു ഹസരംഗ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ചാമിന്ദു വിക്രമസിംഗെ, അസിത ഫെര്‍ണാന്‍ഡോ, രമേഷ് മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.