petrol-price

കമ്പനികളുടെ മൊത്തം ലാഭം 31,144 കോടിയില്‍ നിന്ന് 7,200 കോടി രൂപയിലേക്ക് ഇടിഞ്ഞു

കൊച്ചി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം മൂക്കുകുത്തി. പ്രമുഖ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍(എച്ച്.പി.സി.എല്‍) എന്നിവയുടെ അറ്റാദായത്തില്‍ 70 മുതല്‍ 93 ശതമാനം വരെ ഇടിവുണ്ടായി. രാജ്യാന്തര വിപണിയിയ്ക്ക് ആനുപാതികമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്താതിരുന്നതിനാല്‍ റിഫൈനിംഗ് മാര്‍ജിന്‍ കുറഞ്ഞതാണ് കമ്പനികള്‍ക്ക് വിനയായത്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം ഇക്കാലയളവില്‍ 75 ശതമാനം ഇടിഞ്ഞ് 3,722.63 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇക്കാലയളവില്‍ 14,735.30 കോടി രൂപയായിരുന്നു അറ്റാദായം. ഇന്ധന വില്പനയില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനം കുറഞ്ഞ് 2.19 ലക്ഷം കോടി രൂപയായി.

ബി.പി.സി.എല്ലിന്റെ അറ്റാദായം അവലോകന കാലയളവില്‍ 73 ശതമാനം കുറഞ്ഞ് 2,842.55 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇക്കാലയളവില്‍ 10,644.30 കോടി അറ്റാദായം നേടിയിരുന്നു. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 634 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇക്കാലയളവില്‍ അറ്റാദായം 6,203.9 കോടി രൂപയായിരുന്നു. വരുമാനം 1.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

പരീക്ഷണ കാലം

ഐ.ഒ.സിയുടെ റിഫൈനിംഗ് മാര്‍ജിന്‍(ഉത്പാദന ചെലവും വില്പന വിലയും തമ്മിലുള്ള അന്തരം) ഇത്തവണ 6.39 ഡോളറായാണ് താഴ്ന്നത്. മുന്‍വര്‍ഷം ജൂണില്‍ മാര്‍ജിന്‍ 8.34 ഡോളറായിരുന്നു. എച്ച്.പി.സി.എല്ലിന്റെ മാര്‍ജിന്‍ 7.44 ഡോളറില്‍ നിന്ന് 5.03 ഡോളറായി താഴ്ന്നു.

വില കുറച്ചതും അടിയായി

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതും കമ്പനികള്‍ക്ക് അധിക ബാദ്ധ്യതയായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷം ശക്തമായതിനാല്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിന് മുകളില്‍ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി. ഇതോടൊപ്പം രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവും വര്‍ദ്ധിപ്പിച്ചു.

കമ്പനി അറ്റാദായം(ഏപ്രില്‍-ജൂണ്‍) ലാഭത്തിലെ ഇടിവ്

ഐ.ഒ.സി 3,722.63 കോടി രൂപ 75 ശതമാനം

ബി.പി.സി.എല്‍ 2,842.55 കോടി രൂപ 73 ശതമാനം

എച്ച്.പി.സി.എല്‍ 633.94 കോടി രൂപ 91 ശതമാനം