stand

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പിന്നീട് ഇവിടെ വരാൻ ഭയക്കും. ഇതിന്റെ കാരണം കേട്ടാൽ നിസാരമെന്ന് തോന്നിയേക്കാം. പക്ഷേ കുറച്ച് സമയം ബസ് കാത്ത് സ്റ്റാൻഡിൽ നിൽക്കുന്നവർക്ക് അറിയാം ഇതൊരു നിസാര കാര്യമല്ലെന്ന്. സ്റ്റാൻഡിലെത്തുന്നവരെ വട്ടമിട്ട് ഒന്നിനുപുറകേ ഒന്നായി കൊതുകുകൾ എത്തുന്നുവെന്നതാണ് പ്രശ്നം. അല്പം മാറി നിൽക്കാമെന്ന് വച്ചാൽ അവിടെയുമെത്തും കൊതുക് പട.

കൊതുക് കടി സൗജന്യമായി ലഭിക്കുമെങ്കിലും ആരോഗ്യ ജീവിതത്തിന് അതൊരു പ്രശ്നമാണ്. ജില്ലയിൽ ഡെങ്കിപ്പനി, വൈറൽ പനി, എലിപ്പനി തുടങ്ങിയവ വ്യാപകമായ സാഹചര്യത്തിലാണ് നഗരമദ്ധ്യത്തിൽ കൊതുകുകളുടെ പെറ്റുപെരുകൽ എന്നതും ശ്രദ്ധേയമാണ്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റാൻഡിലെത്തുന്നത്. രാവിലെയും വൈകുന്നേരവും സ്റ്റാൻഡിലെത്തുന്നവർക്ക് നേരെയാണ് കൊതുകുകളുടെ കൂട്ടായ ആക്രമണം. സ്റ്റാൻഡിനു സമീപത്തെ ഓടകളിൽ മലിനജലം കെട്ടിക്കിടക്കുന്നതാണ് തലവേദനയാകുന്നത്. ഇതോടെ കൊതുകുകൾ പെറ്റുപെരുകി. മൂടിയില്ലാത്ത ഓടയിൽ മണ്ണും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് നിലച്ചതോടെയാണ് കൊതുക് ഒരു കീറാമുട്ടിയായത്.

ജില്ലയിൽ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തിൽ മലിനജലം കെട്ടിക്കിടക്കുന്നത്. നാഗമ്പടം നെഹ്റു പാർക്ക്, നാഗമ്പടം മേൽപ്പാലം റോഡിന് സമീപം, മാർക്കറ്റ് റോഡ്, എം.ജി റോഡ്, കോടിമത എന്നിവിടങ്ങളിലെ ഓടയിലും തോട്ടിലും മലിനജലം വലിയതോതിലാണ് കെട്ടിക്കിടക്കുന്നത്. മഴക്കാലപൂർവ ശുചീകരണവും നഗരത്തിൽ നടത്തിയിട്ടില്ല.

അടഞ്ഞു കിടക്കുന്ന ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് മലിനജലം സുഗമമായി ഒഴുകുന്നതിനുള്ള നടപടി സ്വീകരിക്കണം. കൊതുക് നിവാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നഗരസഭാധികൃതരും ആരോഗ്യവകുപ്പും ചെയ്യണം. മനോജ്, യാത്രക്കാരൻ