ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവന ടെലിഗ്രാം അക്കൗണ്ടിലൂടെ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും അറിയിച്ചിട്ടുണ്ട്. ഹനിയയുടെ ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെഹ്റാനി ഹനിയുടെ വാസസ്ഥാനത്തിനുനേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടാണ് അറിയുന്നത്.
അതിനിടെ ഹനിയയുടെ വധത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ പുതിയ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് ഹനിയ ഇറാനിൽ എത്തിയത്.
ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രയേൽ പ്രതിജ്ഞയെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആ പ്രതിജ്ഞ നടപ്പാക്കുന്നതിന്റെ ഭാഗമാണോ ഹനിയയുടെ വധം എന്ന് വ്യക്തമല്ല. ഒരു ഈച്ചപോലും അറിയാതെ ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താൻ ഇസ്രയേൽ ചാര സംഘടനകൾക്ക് അസാമാന്യമായ കഴിവാണുള്ളത്. ഇത്രയേറെ കേൾവികേട്ട ചാര സംഘടനകൾ ഉണ്ടായിട്ടും ഹമാസിന്റെ അതിർത്തി കടന്നുള്ള വരവ് ഇസ്രയേൽ അറിഞ്ഞില്ലെന്ന വിവരം ലോകം ഞെട്ടലോടെയാണ് കേട്ടത്.
മൂന്ന് ഏജൻസികൾ
അമാൻ, മൊസാദ്, ഷിൻ ബെറ്റ് എന്നീ മൂന്ന് ഇന്റലിജൻസ് ഏജൻസികളാണ് ഇസ്രയേലിനുള്ളത്. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയാണ് അമാൻ. രാജ്യത്തിന്റെ ഉറങ്ങാത്ത ചാരക്കണ്ണുകളെന്നാണ് മൊസാദിനെ വിശേഷിപ്പിക്കുന്നത്. ആഭ്യന്തര സുരക്ഷ, പ്രധാനമന്ത്രിയുടെ സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് ഷിൻ ബെറ്റ്.
അമാൻ
അഹരാൺ ഹൽവിയയുടെ നേതൃത്വത്തിലുള്ള അമാനെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ട്രേറ്റ് എന്നാണ് ഔദ്യോഗികമായി വിളിക്കുന്നത്. ഈ ഏജൻസിക്ക് ഏറെ വർഷത്തെ ചരിത്രമുണ്ട്. ഇസ്രയേൽ രൂപീകരണത്തിന് പിന്നാലെയാണ് അമാൻ ഉടലെടുക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നൽകി രൂപപ്പെടുത്തിയ അമാൻ അതിർത്തി സുരക്ഷ, സൈനിക കാര്യങ്ങളിലാണ് കൂടുതൽ ഇടപെടുന്നത്. അതിർത്തിയിലെ പ്രശ്നങ്ങൾ, യുദ്ധ സമാനമായ സാഹചര്യങ്ങൾ എന്നിവയെ കുറിച്ച് പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും മുന്നിൽ റിപ്പോർട്ട് സമർപ്പിക്കേണ്ട ഉത്തരവാദിത്തവും അമാനാണ്.
മൊസാദ്
ലോകത്തെ ഏറ്റവും മികച്ച ചാര ഏജൻസികളിൽ ഒന്നാണ് മൊസാദ്. 2021ൽ യോസി കോഹൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ നിയോഗിച്ച ഡേവിഡ് ഡാഡി ബർണിയയാണ് മൊസാദിന്റെ ഇപ്പോഴത്തെ മേധാവി. ലോകത്ത് സിഐഎ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ചാര ഏജൻസിയാണ് മൊസാദ്. ഇന്ത്യയുടെ റിസർച്ച് അനാലിസിസ് വിംഗിന് സമാനമായ പ്രവർത്തനങ്ങളാണ് മൊസാദും അവരുടെ രാജ്യത്തിന് വേണ്ടി നടത്തിവരുന്നത്.
1949 ഡിസംബറിലാണ് മൊസാദ് രൂപീകരിക്കുന്നത്. 1960ൽ അർജന്റീനയിൽ വച്ച് മുൻ നാസി അഡോൾഫ് ഐഷ്മാനെ പിടികൂടിയതും 1972ലെ മ്യൂണിക് ഗെയിംസിലെ ഇസ്രയേൽ അത്ലറ്റുകളെ വധിച്ചവരെ പിടികൂടി കൊലപ്പെടുത്തിയത് ഉൾപ്പടെയുള്ള ധീരമായ പ്രവർത്തനങ്ങളിലൂടെ മൊസാദ് ലോകമെമ്പാടും അറിയപ്പെടുന്നു.
ഷിൻ ബെറ്റ്
ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് ഷിൻ ബെറ്റ്. ഇസ്രയേൽ പ്രധാനമന്ത്രി, മറ്റ് മന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവരുടെ സുരക്ഷ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഷിൻ ബെറ്റാണ്. 1980ൽ ബസ് ഹൈജാക്ക് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പാലസ്തീൻകാരെ പിടികൂടിയതാണ് ഷിൻബെറ്റിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്. പാലസ്തീൻ തടവുകാരെ പീഡിപ്പിച്ചതും പാലസ്തീൻ തീവ്രവാദികളെ വധിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ഷിൻ ബെറ്റ് നേരിട്ടിരുന്നു.