തിരുവനന്തപുരം: ഉരുൾപൊട്ടലും മണ്ണിടിച്ചിലും പശ്ചിമഘട്ട മേഖലയിൽ എവിടെയും ഉണ്ടാകാമെന്ന് വിവിധ പഠന റിപ്പോർട്ടുകൾ. അതിനാൽ സ്ഥിരമായ പുനരധിവാസ പദ്ധതി വേണമെന്ന വിദഗ്ദ്ധരുടെ നിർദ്ദേശം.
10 മുതൽ 40 ഡിഗ്രിവരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യത കൂടുതലാണെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്), നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്നിവ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
കുഫോസ് ഐ.എസ്.ആർ.ഒയുമായി ചേർന്ന് 2018ൽ നടത്തിയ പഠനത്തിൽ വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻകല്ലുകൾ പൊട്ടി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. ഇവ ഉരുൾപൊട്ടലുണ്ടാകുമ്പോൾ ആഘാതം കൂട്ടുന്നതിന് കാരണമാകും. പെട്ടിമുടിയിലെ സംഭവവുമായി ഇപ്പോഴത്തെ ദുരന്തത്തിന് ബന്ധമുണ്ടെന്ന് കുസാറ്റിലെ ജ്യോഗ്രഫി വകുപ്പ് മേധാവി പി.എസ്.സുനിൽ പറഞ്ഞു. ഇളകി വന്നത് കൂറ്റൻ കല്ലുകളാണ്.
മഴക്കാലത്ത് മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ അനുയോജ്യമായ സ്ഥലത്തേക്ക്
മാറ്റിപാർപ്പിക്കാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് കുഫോസ് വൈസ് ചാൻസലർ ടി. പ്രദീപ് കുമാർ, കുസാറ്റിലെ പി.എസ്.സുനിൽ എന്നിവർ പറഞ്ഞു. പ്രകൃതിക്ഷോഭം അടിക്കടിയുണ്ടാകുന്ന ജപ്പാനിൽ ഇത്തരത്തിലുള്ള സംവിധാനമുണ്ട്.
ഉരുൾപൊട്ടൽ സാദ്ധ്യത 3.46% കൂടി
കേരളത്തിലെ 13% ഭൂപ്രദേശങ്ങളും ഉരുൾപൊട്ടൽ സാദ്ധ്യത നേരിടുന്നുവെന്ന് കുഫോസിന്റെ പഠനം. 2018ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യത 3.46% വർദ്ധിപ്പിച്ചു. 600 മീറ്ററിന് മുകളിലുള്ള സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല അതിരൂക്ഷമായ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്നു.