saudi

റിയാദ്: തെക്കൻ സൗദി അറേബ്യയിലെ നഗരമായ ഷറൂറയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേരെ ജോലിയിൽ നിന്ന് പുറത്താക്കി. മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സൗദി ഇലക്‌ട്രിസിറ്റി (സെറ) സംഭവത്തിൽ അന്വേഷണം നടത്തി.

അറ്റകുറ്റപ്പണികളിൽ വരുത്തിയ അലംഭാവവും സംരക്ഷണ ഉപകരണങ്ങൾ പ്രവർത്തന രഹിതമായതുമാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്നാണ് സെറയും സ്വതന്ത്ര കൺസൾട്ടന്റുമാരും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുതിർന്ന ഉദ്യോഗസ്ഥനെയും മൂന്ന് മാനേജർമാരെയും സൗദി ഇലക്ട്രിസിറ്റി ബോർഡ് പിരിച്ചുവിട്ടത്.

എഞ്ചിനീയർ അബ്‌ദുൾ റഹ്‌മാൻ അൽ അമൗദിയെ പുതിയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നിയമിച്ചു. എഞ്ചിനീയർ സാദ് അൽ ഷഹ്‌റാനിയെ സതേൺ പവർ ജനറേഷൻ ഓപ്പറേഷൻ മേധാവിയായും അലി അൽ കാത്തിരിയെ ഷറൂറ പവർ പ്ലാന്റിന്റെ ഡയറക്‌ടറായും നിയമിച്ചു. ഭാവിയിൽ വൈദ്യുതി ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ കർശനമായി ഇടയ്‌ക്കിടെ മെയിന്റനൻസ് ചെയ്യണമെന്നും പവർ പ്ലാന്റിലെ ഉപകരണങ്ങളുടെ പുനർമൂല്യ നിർണയം ഉൾപ്പെടെയുള്ള നടപടികൾ കൃത്യമായി ചെയ്യണമെന്നും ബോർഡ് തീരുമാനിച്ചു.

രാജ്യത്തുടനീളമുള്ള എല്ലാ പവർ സ്റ്റേഷനുകളും നെറ്റ്‌വർക്കുകളും തുടർച്ചയായി നിരീക്ഷിക്കുന്നതിനും പോരായ്‌മകളെല്ലാം പരിഹരിച്ച് സെറയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബോർഡ് പ്രതിജ്ഞാബദ്ധമാണ്. ഈ മാസമാദ്യം ഉണ്ടായ വൈദ്യുതി മുടക്കത്തെ തുടർന്ന് ഗവർണറേറ്റിലെ താമസക്കാർക്ക് നഷ്‌ടപരിഹാരമായി പണം നൽകാനും വൈദ്യുതി കമ്പനിയോട് സെറ ഉത്തരവിട്ടിരുന്നു. തെക്കൻ സൗദി അറേബ്യയിലെ നജ്‌റാൻ മേഖലയിലെ 1,00,000ത്തിലധികം താമസക്കാരാണ് വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിയത്. രാജ്യത്ത് അതികഠിനമായ രീതിയിൽ ചൂട് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഭവം എന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.