uae

കേരളത്തിൽ നിന്ന് വർഷാവർഷം കുറഞ്ഞത് ആയിരക്കണക്കിന് പേരെങ്കിലും തൊഴിൽതേടി യുഎഇയിലെത്താറുണ്ട്. പ്രവാസജീവിതം സ്വപ്‌നം കണ്ട് ഗൾഫിലേയ്ക്ക് വിമാനം കയറുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് യുഎഇയിലെ തൊഴിൽ പരിഷ്‌കാരങ്ങൾ. റിക്രൂട്ട്‌മെന്റിൽ വൈവിദ്ധ്യമാർന്ന രീതികൾ അവലംബിക്കുകയാണ് യുഎഇയിലെ കമ്പനികളിലെ മാനവവിഭവശേഷി വിഭാഗങ്ങൾ. ജനസംഖ്യപരമായ വൈവിദ്ധ്യങ്ങൾ കണക്കിലെടുത്താണ് മിക്ക കമ്പനികളും നിയമനങ്ങൾ നടത്തുന്നതെന്ന് കമ്പനി മേധാവികൾ വ്യക്തമാക്കുന്നു. തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണത്തിലെ വർദ്ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വിവിധ സംസ്‌കാരങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളിൽ 'സാംസ്‌കാരിക കഴിവ്' അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകേണ്ട സമയമായിരിക്കുന്നുവെന്നും പല തൊഴിൽ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ വളരുന്ന നേതാവെന്ന നിലയിൽ യുഎഇയിൽ ‌ഡൈവേഴ്‌സിറ്റി ഹൈറിംഗ് (വൈവിദ്ധ്യ നിയമനങ്ങൾ) നടത്തേണ്ടത് പ്രധാനമാണെന്നും വിലയിരുത്തപ്പെടുന്നു.

സാങ്കേതിക മുന്നേറ്റങ്ങൾ, സാമൂഹിക- സാമ്പത്തിക മാറ്റങ്ങൾ എന്നിവ കണക്കിലെടുത്ത് വൈവിദ്ധ്യമാർന്ന നിയമനങ്ങൾ സാദ്ധ്യതമാക്കണെമന്നാണ് യുഎഇയിലെ പല തൊഴിൽ ഉടമകളും എച്ച് ആർ മേധാവിമാരോട് ആവശ്യപ്പെടുന്നത്.

യുഎഇ സാങ്കേതിക ഹബ്ബായി വളരുന്ന സാഹചര്യത്തിൽ ക്രിപ്‌റ്റോ മേഖലയിൽ പല ക്ളൈന്റുകളും കിഴക്കൻ യൂറോപ്പിൽ നിന്നുള്ള തൊഴിലാളികളുമായാണ് ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നതെന്ന് തൊഴിൽ വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. ഡാറ്റാ അനലിറ്റിക്‌സ്, ഡാറ്റ സയൻസ്, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഫിനാൻസ്, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഡിമാൻഡ് ഏറുകയാണ്.

നൂതനമായ ആശയങ്ങൾ നടപ്പിലാക്കാനും തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്താനും വൈവിദ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്‌മെന്റ് സഹായിക്കും. തൊഴിലിടങ്ങളിൽ വിവിധ രാജ്യക്കാരെയും വിവിധ സംസ്‌കാരങ്ങളിൽ നിന്നെത്തുന്നവരെയും കൂടുതലായി ഉൾപ്പെടുത്താനാണ് കമ്പനികൾ ശ്രമിക്കുന്നത്. സമതുലിതമായ തൊഴിൽ അന്തരീക്ഷത്തിന് ഇത് ഒരു പ്രധാന ഘടകമാണ്. ലിംഗഭേദം, സാംസ്കാരിക പശ്ചാത്തലം, പ്രായം എന്നിങ്ങനെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്നു. വൈവിദ്ധ്യത്തെ ഉൾക്കൊള്ളുന്നതിലൂടെ കമ്പനി സ്വീകാര്യതയ്ക്കും സമത്വത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നുവെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.