കണ്ണൂർ: മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിന്റെ ആഘാതത്തിലാണ് കേരളജനത. ഇതിനോടകം 150ലേറെ ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ രക്ഷപ്പെട്ട നിരവധി പേരാണ് ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുന്നത്.
ഇവർക്ക് വേണ്ടിയുള്ള ആവശ്യസാധനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുകയാണ്. നിരവധി താരങ്ങളും ആവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുന്നുണ്ട്. നടി നിഖില വിമൽ ഇത്തരത്തിൽ ഒരു കളക്ഷൻ സെന്ററിൽ രാത്രിയിലും പ്രവർത്തിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തള്ളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് സന്നദ്ധപ്രവർത്തകർക്കൊപ്പം നടി ഉണ്ടായിരുന്നത്. നിഖിലയ്ക്ക് ഒപ്പം ഒട്ടനവധി യുവതി യുവാക്കളും സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.
രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കണമെന്ന് അഭ്യാർത്ഥിച്ച് നിരവധി സിനിമ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങളുടെ പ്രതികരണം. വയനാട് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പും ഇവർ പങ്കുവക്കുന്നുണ്ട്. രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ദുരന്തത്തെ നേരിടാൻ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാൻ ഓരോരുത്തരും ശ്രമിക്കണമെന്നും നടൻ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വയനാടിനായി പ്രാർത്ഥന മാത്രം പോരെന്നും നാം ഓരോരുത്തരും പ്രവർത്തിക്കണമെന്നും നടനും സംവിധായകനുമായ നാദിർഷ പറഞ്ഞു. മമ്മൂട്ടി. മോഹൻലാൽ, ഷെയിൻ നിഗം, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങൾ നേരത്തെ ജാഗ്രത പാലിക്കണമെന്ന് അഭ്യാർത്ഥിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.