gg

ടെൽ അവീവ്: പാലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസിന്റെ രാഷ്‌ട്രീയ തന്ത്രജ്ഞനായിരുന്ന സമുന്നത നേതാവാണ് ഇസ്രയേൽ ഇന്നലെ വധിച്ച ഇസ്‌മയിൽ ഹനിയേ (61). ഏറെക്കാലമായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി. ഇസ്രയേൽ ബദ്ധശത്രുവായ ഇറാനിൽ കടന്നാക്രമണം നടത്തിയാണ് ഹനിയേയെ വധിച്ചത്.

ഇസ്രയേലിന്റെ വധഭീഷണി ഭയന്ന് 2017മുതൽ ഖത്തറിലായിരുന്നു താമസം.1963ൽ അന്ന് ഈജിപ്റ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഗാസയിൽ അഭയാർത്ഥി ക്യാമ്പിലാണ് ഇസ്‌മയിൽ ഹനിയേയുടെ ജനനം. 1948ലെ പാലസ്തീൻ യുദ്ധകാലത്ത് ഇസ്രയേലിൽ നിന്ന് പലായനം ചെയ്തവരാണ് മാതാപിതാക്കൾ. ഗാസ ഇസ്ലാമിക യൂണിവേഴ്സിറ്റിയിൽ നിന്ന് 1987ൽ ഇസ്ലാമിക ചരിത്രത്തിൽ ബിരുദം നേടി.

പാലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ നടന്ന ഒന്നാം ഇന്തിഫാദ (പ്രക്ഷോഭം)​ കാലത്ത് ഹമാസ് രൂപം കൊണ്ടതു മുതൽ അതിന്റെ സജീവ പ്രവർത്തകനായി. അന്ന് മൂന്ന് തവണ ജയിലിലായി. 1992ൽ മോചിതനായെങ്കിലും ലെബനണിലേക്ക് നാടുകടത്തി. ഒരു വർഷത്തിന് ശേഷം തിരിച്ചെത്തി ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ ഡീൻ ആയി. 1997ൽ ഹമാസിന്റെ ഓഫീസിന്റെ ചുമതലക്കാരൻ. പടിപടിയായി ഹമാസിന്റെ നേതൃനിരയിലേക്ക് വളർന്നു.

2006ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹമാസിനെ വിജയത്തിലേക്ക് നയിച്ച ഇസ്മയിൽ ഹനിയേ പാലസ്തീനിന്റെ പ്രധാനമന്ത്രിയായി. ഇസ്രയേൽ അധിനിവേശത്തിനെതിരെ സായുധ പോരാട്ടം എന്ന ഹനിയേയുടെ പ്രചാരണം ജനപ്രീതി നേടിക്കൊടുത്തു.

പ്രസിഡന്റായിരുന്ന മഹമൂദ് അബ്ബാസിന്റെ ഫത്താ പാർട്ടിയും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ 2007 ജൂൺ 14ന് അബ്ബാസ്,​ ഹനിയേയെ പുറത്താക്കി. പക്ഷേ പ്രസിഡന്റിന്റെ ഉത്തരവിനെ ധിക്കരിച്ച് ഹനിയേ അധികാരത്തിൽ തുടർന്നു.

2017 മേയ് 6ന് ഹനിയേ ഹമാസിന്റെ സമുന്നത രാഷ്‌ട്രീയ സമിതിയായ പോളിറ്റ് ബ്യൂറോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്താണ് അദ്ദേഹം ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഗാസയിൽ നിന്ന് ഖത്തറിലേക്ക് താമസം മാറ്റിയത്. കുറേക്കാലം തുർക്കിയിലും താമസിച്ചു.

2011ൽ ഭീകരൻ ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചപ്പോൾ,​ ലാദനെ അറബ് വിശുദ്ധ പോരാളിയെന്ന് ഹനിയേ വിശേഷിപ്പിച്ചു. 2018ൽ അമേരിക്ക ഹനിയേയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഹമാസുമായി യുദ്ധം തുടങ്ങിയ ഇസ്രയേൽ ഹമാസിന്റെ എല്ലാ നേതാക്കളെയും വധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻപ് പല തവണ ഇസ്രയേൽ സേനയുടെ വധശ്രമത്തിൽ നിന്ന് ഹനിയേ രക്ഷപ്പെട്ടിരുന്നു.

ഇക്കൊല്ലം ആദ്യം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയേയുടെ മൂന്ന് പുത്രന്മാരും മൂന്ന് പേരക്കുട്ടികളും ഉൾപ്പെടെ 14 കുടുംബാംഗങ്ങളെ വധിച്ചിരുന്നു. വിവാഹിതനായ ഹാനിയേയ്ക്ക് 14 മക്കളുണ്ട്.

ഇസ്രയേലിനെതിരായ സായുധ പോരാട്ടത്തെ പിന്തുണയ്ക്കുമ്പോഴും സമവായത്തിന്റെ വഴികൾ തേടിയ പ്രായോഗിക രാഷ്‌ട്രീയ നേതാവായിരുന്നു ഹനിയേ. വെടിനിറുത്തൽ ചർച്ചകളിൽ മദ്ധ്യസ്ഥനായ അദ്ദേഹം ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനുമായും തുർക്കിയുമായും കൂടിയാലോചനകൾ നടത്തിയിരുന്നു.

 മുഖ്യലക്ഷ്യം യഹ്യാ സിൻവാർ

ടെൽ അവീവ്: ഇസ്‌മയിൽ ഹനിയേ ഏറെക്കാലമായി ഹിറ്റ്‌ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ഇസ്രയേലിന്റെ മുഖ്യലക്ഷ്യം ഗാസയിലെ ഹമാസ് തലവനായ യഹ്യാ സിൻവാർ (61) ആണ്. ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ മജ്ദിന്റെ സ്ഥാപകൻ. 2015ൽ യു.എസ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ സാധിച്ചാൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ പോലും ഇസ്രയേൽ തയ്യാറായേക്കും. ഗാസ യുദ്ധത്തിന് കാരണമായ ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണ്. നിലവിൽ സിൻവാർ എവിടെയാണെന്ന് വ്യക്തമല്ല. ഗാസ വിട്ടിട്ടില്ലെന്നാണ് നിഗമനം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ രണ്ട് ഭാര്യമാർക്കും മക്കൾക്കുമൊപ്പം ഇയാൾ ഒളിവിലുണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.

ഇയാൾക്ക് ചുറ്റും കവചമായി ഇസ്രയേലി ബന്ദികളെ ഹമാസ് അംഗങ്ങൾ തടവിൽവച്ചിട്ടുണ്ടെന്നും പറയുന്നു. ഖാൻ യൂനിസിൽ വ്യാപക ആക്രമണം നടത്തിയ ഇസ്രയേൽ ടണലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. സിൻവാറും കുടുംബാംഗങ്ങളും ഗാസയിലെ ഭൂഗർഭ ടണലിലൂടെ നടന്നുനീങ്ങുന്ന ദൃശ്യം കണ്ടെത്തി.

സഹോദരൻ മുഹമ്മദ് സിൻവാറിനൊപ്പം യഹ്യാ സിൻവാർ ഈജിപ്റ്റിലെ സിനായ് പ്രവിശ്യയിലേക്ക് കടന്നെന്ന് പ്രചാരണമുണ്ടായെങ്കിലും ഇസ്രയേൽ തള്ളി. ഇതിനിടെ ഇയാൾ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ഹമാസ് ഇയാൾക്ക് പകരക്കാരനെ തേടുന്നെന്നും അഭ്യൂഹങ്ങളും പ്രചരിച്ചു. ഏതായാലും സിൻവാർ ഇപ്പോഴും തെക്കൻ ഗാസയിൽ എവിടെയോ ഉണ്ട്. ഇക്കാരണത്താലാണ് തെക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുന്നത്.

 വെടിനിറുത്തൽ ചർച്ച തുലാസിൽ

ടെൽ അവീവ് : ഇസ്‌മയിൽ ഹനിയേയുടെ വധം ഗാസയിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് പശ്ചിമേഷ്യയിൽ ആശങ്കയാകുന്നു. ഹനിയേയുടെ മരണം ഒക്ടോബർ മുതൽ തുടരുന്ന ഗാസ യുദ്ധത്തിന്റെ വെടിനിറുത്തൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. യുദ്ധം അനിശ്ചിതമായി നീളുന്നതിനൊപ്പം ഇറാനും അനുകൂല ഗ്രൂപ്പുകളും (ഹിസ്ബുള്ള, ഹൂതി, ഹമാസ്) ഇസ്രയേലിനോട് തുറന്ന ഏറ്റുമുട്ടലിന് തുനിഞ്ഞേക്കുമെന്ന ഭീതിയുമുണ്ട്.

യു.എസ്, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനും ഇസ്രയേലിനുമിടെയിൽ ബന്ദികളുടെ മോചനത്തിനും ഗാസയിലെ വെടിനിറുത്തലിനുമായി മദ്ധ്യസ്ഥ ചർച്ചകൾ നടത്തുന്നത്. ഖത്തറും ഈജിപ്റ്റുമായും അടുപ്പം നിലനിറുത്തിയിരുന്ന ഹനിയേ ഇരുരാജ്യങ്ങളിലും നടന്ന സമവായ ചർച്ചകളിൽ പങ്കെടുത്തിരുന്നു. കരാറിലെത്താൻ സാധിക്കാത്തതിന് ഹമാസും ഇസ്രയേലും പരസ്പരം പഴിചാരുന്നത് തുടരുന്നതിനിടെയാണ് ഹനിയേയുടെ വധം.

ഹനിയേയെ വധിച്ചതിലൂടെ ഇസ്രയേൽ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് ഈജിപ്റ്റും തുർക്കിയും ഖത്തറും കുറ്റപ്പെടുത്തി. സംഘർഷം രൂക്ഷമാകുമെന്ന് മുന്നറിയിപ്പും നൽകി. ഹനിയേ വധം നരകത്തിലേക്കുള്ള വാതിലാകുമെന്ന് പാലസ്തീനിയൻ അതോറിട്ടി പ്രതികരിച്ചു. ഇതുവരെ 39,400ലേറെ പാലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

 രണ്ടാഴ്ചയ്ക്കിടെ വിദേശ മണ്ണിൽ മൂന്ന് ആക്രമണം

ടെൽ അവീവ് : ഇസ്‌മയിൽ ഹനിയേ വധത്തിലൂടെ ഇറാന് ശക്തമായ സന്ദേശമാണ് ഇസ്രയേൽ നൽകുന്നത്. തങ്ങളുടെ പൗരന്മാരെ മുറിവേൽപ്പിക്കുന്നത് ആരായാലും അവരുടെ മണ്ണിലെത്തി തകർക്കുമെന്ന് ഇസ്രയേൽ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന മൂന്ന് ആക്രമണങ്ങളാണ് രണ്ടാഴ്ചയ്ക്കിടെ വിദേശ മണ്ണിൽ നടത്തിയത്.

ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി എന്നിങ്ങനെ മിഡിൽ ഈസ്റ്റിലെ ശക്തരായ മൂന്ന് ഗ്രൂപ്പുകളുടെ പ്രവർത്തനം ഇറാന്റെ പിന്തുണയോടെയാണ്.

ജൂലായ് 21ന് യെമനിലെ ഹൊദൈദ തുറമുഖത്തെ ഹൂതി കേന്ദ്രങ്ങൾ ഇസ്രയേൽ ബോംബിട്ട് തകർത്തു. മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്നലെ ലെബനനിലെ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള കമാൻഡർ ഫൗദ് ഷുക്റിനെ വധിച്ചു. മണിക്കൂറുകൾക്ക് ശേഷം ഇറാൻ മണ്ണിൽ ഹമാസ് തലവന്റെ ജീവനും ഇസ്രയേലെടുത്തു.

 ഇറാൻ മണ്ണിലെ വധം

ഇസ്രയേലും ഇറാനും ദീർഘനാളായി നിഴൽ യുദ്ധം തുടരുന്നു. നിഴൽ സംഘടനകളിലൂടെയും രഹസ്യ ആക്രമണങ്ങളിലൂടെയും പോരാട്ടം തുടരുന്ന ഇരുവരും ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. ആദ്യമായല്ല ഇറാൻ മണ്ണിൽ ഇസ്രയേൽ ഒരാളെ വധിക്കുന്നത്. ഇറാന്റെ നിരവധി ആണവ ശാസ്ത്രജ്ഞരെ ഇസ്രയേൽ വകവരുത്തിയെന്ന് പറയപ്പെടുന്നു.

2020ൽ ഇറാൻ റെവലൂഷനറി ഗാർഡ് ജനറലും ആണവ ശാസ്ത്രജ്ഞനുമായ മൊഹ്‌സീൻ ഫക്രിസാദേയെ ഉപഗ്രഹ നിയന്ത്രണത്തിലുള്ള തോക്കിനാൽ ഇസ്രയേൽ വധിച്ചിരുന്നു. 2022ൽ ടെഹ്റാനിൽ റെവലൂഷനറി ഗാർഡ് ജനറൽ കേണൽ സയാദ് ഖോദായ് കൊല്ലപ്പെട്ടതിന് പിന്നിലും ഇസ്രയേൽ ആണെന്ന് പറയപ്പെടുന്നു.