റബത്ത്: യാത്രക്കാരനും ജീവനക്കാരിയും തമ്മിലുളള വാക്കേറ്റത്തെ തുടർന്ന് മൊറോക്കയിൽ നിന്ന് മോൺട്രിയയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ കാനഡാ വിമാനം റദ്ദാക്കി. വെളളിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വിമാനത്തിൽ തണുപ്പ് അധികമായതിനെ തുടർന്ന് യാത്രക്കാരൻ ബ്ലാങ്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട ജീവനക്കാരി പ്രകോപിതയാകുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ജീവനക്കാരി പൊലീസിനെ അറിയിക്കാൻ ആവശ്യപ്പെടുകയും യാത്രക്കാരനോട് വിമാനത്തിൽ നിന്നിറങ്ങാൻ പറയുകയായിരുന്നു. യുവതി ഫ്രഞ്ച് ഭാഷയിലാണ് സംസാരിച്ചത്. മാന്യമായി പെരുമാറിയില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ജീവനക്കാരി പറയുന്നുണ്ട്. ബ്ലാങ്കറ്റ് നൽകാൻ യുവതി വിസമ്മതിച്ചതോടെ യാത്രക്കാരൻ ക്യാപ്റ്റനെ വിളിക്കാൻ ആവശ്യപ്പെട്ടു. തന്റെ സഹപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യാത്രികനെ പിന്തുണച്ച് വിമാനത്തിലുളള സഹയാത്രികരും ഇറങ്ങിപോകുകയായിരുന്നു. ഇതാണ് വിമാനം റദ്ദാക്കാൻ കാരണമായത്.
സംഭവത്തിൽ പ്രതികരണവുമായി എയർ കാനഡയും രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാരോട് ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചു. 'ഈ പ്രശ്നം ഗൗരവത്തോടെയാണ് എയർ കാനഡ പരിഗണിച്ചിരിക്കുന്നത്. കൂടുതൽ പരിശോധന നടത്തിവരികയാണ്. കൃത്യമായ നടപടി സ്വീകരിക്കും. ബുദ്ധിമുട്ടിലായ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു' എയർ കാനഡ പ്രതിനിധി അറിയിച്ചു.