students

ന്യൂഡൽഹി: കുട്ടികൾക്ക് ബാഗില്ലാതെ സ്‌കൂളിൽ പോകുന്നതിന് അവസരമൊരുക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പഠനം കൂടുതൽ സന്തോഷകരവും അനുഭവപരവും സമ്മർദരഹിതവും ആക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ വിജ്ഞാപനം ചെയ്‌തത്.

നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻസിആർടി) യൂണിറ്റായ പിഎസ്‌എസ്‌ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൊക്കേഷണൽ എജ്യൂക്കേഷൻ വികസിപ്പിച്ച മാർഗനിർദേശങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ന്റെ നാലാം വാർഷികത്തിൽ പുറത്തിറക്കി. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും പത്ത് ദിവസത്തേക്ക് ബാഗില്ലാതെ സ്‌കൂളിൽ എത്തിയാൽ മതിയെന്നാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. ബുക്കില്ലാതെ കാര്യങ്ങൾ അറിഞ്ഞുള്ള പഠനം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മാത്രമല്ല, തൊഴിൽ മേഖലകളിൽ ആവശ്യമായ നൈപുണ്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരത്തേ മനസിലാക്കാനും ഭാവിയിൽ ഏത് മേഖല തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും ഇത് സഹായിക്കും എന്നാണ് മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടുള്ളത്.

മരപ്പണി, ഇലക്‌ട്രിക് വർക്ക്, മെറ്റൽ വർക്ക്, ഗാർഡനിംഗ്, മൺപാത നിർമാണം തുടങ്ങി താൽപ്പര്യമുള്ള ഏതെങ്കിലും കോഴ്‌സുകൾ ഈ ദിവസങ്ങളിൽ പഠിക്കാം. അതത് പ്രദേശങ്ങളിലെ ഈ മേഖലയിലെ വിദഗ്ദ്ധരാണ് കുട്ടികൾക്ക് പരിശീലനം നൽകുക. ഈ പത്ത് ദിവസത്തെ ക്ലാസ് ഒരു വർഷത്തിൽ എപ്പോൾ നടത്തണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം.

പച്ചക്കറി ചന്തകൾ സന്ദർശിച്ച് സർവേ നടത്തുക, ചാരിറ്റി, വളർത്തുമൃഗ സംരക്ഷണത്തെക്കുറിച്ച് സർവേയും റിപ്പോർട്ടും, ഡൂഡ്‌ലിംഗ്, പട്ടം നിർമിച്ച് പറത്തുക, പുസ്‌തകമേള സംഘടിപ്പിക്കുക, ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുക, ബയോഗ്യാസ് പ്ലാന്റും സോളാർ എനർജി പാർക്കും സന്ദർശിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ദിവസം ചെയ്യാമെന്നും എൻസിആർടിയുടെ മാർഗനിർദേശത്തിൽ നിർദേശിച്ചിട്ടുണ്ട്.