smock

പ്രായം കൂടുംതോറും മിക്കവരും നേരിടുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ് ശരിരഭാരം വർദ്ധിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും ശരീരഭാരം വർദ്ധിക്കാം. അമിതമായ അളവിൽ ഫാസ്​റ്റ് ഫുഡ് കഴിക്കുമ്പോഴാണ് ചിലർക്ക് ശരീരഭാരം വർദ്ധിക്കുന്നതെങ്കിൽ മ​റ്റുചിലർക്ക് ഹോർമോണിന്റെ ഉൽപ്പാദനത്തിലുണ്ടാകുന്ന വ്യത്യാസവും കാരണമാകും. ഈ പ്രശ്നത്തിന് പരിഹാരമായി ഒട്ടനവധി പ്രതിവിധികളുണ്ട്.

ചിലർ ചിട്ടയായ വ്യായാമ മുറകൾ പിന്തുടരുമ്പോൾ മ​റ്റുചിലർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങും. അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സെമാഗ്ലൂ​റ്റൈഡ് അടങ്ങിയ രണ്ട് മരുന്നുകളാണ് ഓസെംപിക്, വെഗോവി തുടങ്ങിയവ. ഇത് ഇഞ്ചെക്ഷനുകളായും ഗുളികകളായും ലഭ്യമാണ്. കൂടുതലാളുകളും വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുളള മരുന്നുകളുടെ ഉപയോഗം പുകവലി കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തിലുളള പഠനങ്ങളാണ് പുറത്തുവരുന്നത്.

drugs

അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ്, നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഓഫ് ഹെൽത്ത്, അമേരിക്കയിലെ കേസ് വെസ്​റ്റേൺ റിസർവ് യൂണിവേഴ്സി​റ്റി എന്നിവിടങ്ങളിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. ടൈപ്പ് 2 പ്രമേഹമുളളവർ, പുകവലി ശീലമാക്കിയവർ, പ്രമേഹത്തിനുളള മരുന്നുകൾ കഴിക്കുന്നവർ തുടങ്ങി 223,000 ആളുകളിലാണ് ഈ പഠനം നടത്തിയത്.

ടൈപ്പ് 2 പ്രമേഹമുളള സെമാഗ്ലൂ​റ്റൈഡ് മരുന്ന് കഴിക്കുന്നവർക്ക് പുകവലിയുമായി ബന്ധപ്പെട്ട ചികിത്സ ചെയ്യുന്നത് കുറവാണെന്ന് കണ്ടെത്തി. 6000 പേർ സെമാഗ്ലൂ​റ്റൈഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതികരിച്ചു. ബാക്കിയുളളവർ പ്രമേഹത്തിനായുളള മരുന്നുകളും കഴിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഗവേഷകർ ഈ പഠനത്തിനുപിന്നാലായിരുന്നു. പഠനത്തിനായി തിരഞ്ഞെടുത്തവർ പുകവലി നിർത്തുന്നതിന് പ്രത്യേക ബോധവൽക്കരണ ക്ലാസുകളുടെ ഭാഗമാകുകയോ ഇതുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തുന്നവരാണോയെന്നും പരിശോധന നടത്തിയിരുന്നു. ഇതിൽ നിന്നുമാണ് സെമാഗ്ലൂ​റ്റൈഡ് ഉപയോഗിക്കുന്നവർക്ക് പുകവലി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട മരുന്നുകൾ എടുക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയത്. സെമാഗ്ലൂറ്റൈഡുകൾ ഉപയോഗിക്കുന്നത് പുകവലിക്കുന്ന ശീലം പരാമവധി കുറച്ചിട്ടുണ്ട്.

അമിതവണ്ണമുളളവരിലും ഇതേ പരീക്ഷണം നടത്തിയതായി ഗവേഷകർ കൂട്ടിച്ചേർത്തു. ദി ഇൻഡിപെൻഡന്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ചും അമിതവണ്ണം കുറയ്ക്കാനായി മരുന്ന് കഴിക്കുന്നവരിലും പുകവലി ശീലം കുറയുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് നിക്കോട്ടിനോടുളള ആസക്തി കുറഞ്ഞിട്ടുണ്ട്.

ഓംസെപിക്, വെഗോവി തുടങ്ങിയ മരുന്നുകൾ തലച്ചോറിന്റെ പ്രതിഫല കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതിനാലാണിത്. ഓംസെപിക് ഉപയോഗിക്കുന്നത് നിക്കോട്ടിൻ,മദ്യം തുടങ്ങിയവയോടുളള ആസക്തി പരമാവധി കുറയ്ക്കാൻ സഹായിക്കും. കാലിഫോർണിയയിലെ അൺലിമി​റ്റഡ് ഹെൽത്ത് ഇൻസ്​റ്റി​റ്റ്യൂട്ടിലെ സ്ഥാപകയായ ഡോക്ടർ താമിക ഹെൻട്രി പറയുന്നതനുസരിച്ച് തലച്ചോറിന്റെ പ്രതിഫലന കേന്ദ്രങ്ങളിൽ നിന്നാണ് ഡോപ്പാമൈൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

alcohol

നമ്മൾ എന്തെങ്കിലും പ്രവർത്തി ചെയ്യുകയാണെങ്കിൽ അതിനെ ഉത്തേജിപ്പിക്കാൻ ഡോപ്പാമൈൻ സഹായിക്കുന്നു. പുകവലി, മദ്യം എന്നിവയോടുളള ആസക്തി വർദ്ധിപ്പിക്കാനും ഈ ഹോർമോൺ സഹായിക്കുന്നുണ്ട്. ഓസെംപിക് ഉപയോഗിക്കുന്നത് ഡോപാമൈന്റെ ഉൽപ്പാദനത്തെ കുറയ്ക്കാൻ ഇത് കാരണമാകും. ഇതിലൂടെ പുകവലിയോടുളള ആസ്കതിയും മദ്യപാനവും കുറയുന്നതിന് കാരണമാകും.

പുകവലി കൊണ്ടുളള ദോഷങ്ങൾ

1. വിട്ടുമാറാത്ത ചുമ

2. രക്തചംക്രമണം, രക്തസമ്മർദം തുടങ്ങിയവയിലെ പ്രശ്നങ്ങൾ ഹൃദ്രോഗമായി മാറുന്നു.

3. നാവ്, വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ എന്നീ അവയവങ്ങളെ കാൻസർ ബാധിക്കാനിടയുണ്ട്.

4. ശ്വാസകോശരോഗങ്ങൾ: ബ്രോങ്കൈറ്റിസ്, എംഫിസീമ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ് തുടങ്ങിയവ. 5. ക്ഷയരോഗമുണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ.

6. വായ്ക്കുള്ളിലെ രോഗങ്ങൾ: പെരിയോഡോൺസൈറ്റിസ്, പല്ലുകളിലെ പോടുകൾ, വായ്നാറ്റം, പല്ലുകളിലെ നിറമാറ്റം, അണുബാധ തുടങ്ങിയവ.

7. പ്രത്യുത്പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരുടെ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നു.

8.പുകവലിക്കാരായ സ്ത്രീകളുടെ കുട്ടികൾക്ക് ജന്മനാ ആരോഗ്യക്കുറവ് ഉണ്ടാകും.