landslide

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ കടുത്ത മണ്ണിടിച്ചിലിൽ മരണമടഞ്ഞവരുടെ എണ്ണം 200 ആയി. മുണ്ടക്കൈ ഗ്രാമത്തെയൊന്നാകെ ഉരുൾ ഇല്ലാതെയാക്കി. ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് രക്ഷാപ്രവർ‌ത്തനം ആരംഭിച്ചെങ്കിലും ചൂരൽമല മുതൽ മുണ്ടക്കൈ വരെയുള്ള പ്രദേശങ്ങളിൽ അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ പോലും സാധിക്കാത്ത സാഹചര്യമാണ്. ഉദ്യോഗസ്ഥരുടേതടക്കം നിരവധി പേരുടെ വാഹനങ്ങൾ ഇവിടേക്കുള്ള വഴിയിൽ തന്നെയാണ് പാർക്ക് ചെയ്‌തിരിക്കുന്നത്. ഇങ്ങനെ വാഹനം പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്‌ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.14 കിലോമീറ്റർ താണ്ടാൻ സമയം ഏറെയെടുക്കുന്നു.

ഇന്ന് ചൂരൽമലയിൽ ഒൻപത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുണ്ടക്കൈയിൽ ആകെ അവശേഷിക്കുന്നത് 30 വീടുകൾ മാത്രമാണ്. 500ഓളം വീടുകളാണ് ദുരന്തപ്രദേശത്ത് ഉണ്ടായിരുന്നത്. ഇനിയും 225 പേരെ കണ്ടെത്താനുണ്ടെന്നാണ് റവന്യു വകുപ്പ് അറിയിക്കുന്നത്. 7000ലധികം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. വീടുകൾക്കൊപ്പം ലയങ്ങളും തകർ‌ന്നുപോയതായി മുണ്ടക്കൈ വാർഡംഗം കെ.ബാബു അറിയിച്ചു.

ദുരന്ത പ്രദേശത്ത് ജനങ്ങളെ രക്ഷിക്കാനും രക്ഷാപ്രവ‌ർത്തനം നടത്താനും വലിയ വാഹനങ്ങൾ കടക്കണമെങ്കിൽ പാലം പണി പൂർത്തിയാക്കണം. സൈന്യം നടത്തുന്ന ബെയ്‌ലി പാലം പണി ഇന്ന് പൂർത്തിയാകില്ലെന്ന് ചീഫ് സെക്രട്ടറി കെ.വേണു അറിയിച്ചു. നാളെ മാത്രമേ പണി പൂർത്തീകരിക്കാനാകൂ. താൽക്കാലിക പാലം നിർമ്മിക്കാൻ ആവശ്യമായ വസ്‌തുക്കളുമായി വ്യോമസേന വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തി. നിലമ്പൂരിൽ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി.