മലപ്പുറം: ഈ വർഷം ജൂലായ് 26 വരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 1,038 കേസുകളെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 1,797 ആയിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 1795, 1457 എന്നിങ്ങനെയായിരുന്നു. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂരമായ പീഡനമാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും, 361 എണ്ണം. ബലാത്സംഗം, മാനഹാനി, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന മരണം, ശല്യം ചെയ്യൽ തുടങ്ങിയവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പരാതികൾ നൽകുന്നത് വർദ്ധിച്ചതാണ് കേസുകളിലെ വർദ്ധനവിന് കാരണം. മുമ്പ് പലരും പരാതികൾ നൽകാൻ മുന്നോട്ട് വന്നിരുന്നില്ല. നിയമനടപടികളിൽ കാലതാമസം വരുമെന്ന ധാരണയും കുടുംബത്തിൽ നിന്നുള്ള എതിർപ്പും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിച്ചിരുന്നു.

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ജനമൈത്രി പൊലീസ് സ്റ്റേഷൻ, നിലവിലുള്ള നിയമ സംവിധാനം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം സ്ത്രീകളിലേക്ക് കൃത്യമായി എത്തിക്കുന്നത് കുറ്റകൃത്യങ്ങളെ നിയമപരമായി നേരിടാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. മദ്യപാനശീലം, മയക്കുമരുന്ന് ഉപയോഗം, ഇന്റർനെറ്റ് ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം എന്നിവ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രധാന കാരണങ്ങളാണ്.

കുറ്റകൃത്യം 2021 2022 2023 2024

പീഡനം------- 67--------228------238----116

മാനഹാനി--- 224-------430------419---244

തട്ടിക്കൊണ്ടുപോവൽ-- 1-------18------10------8

ശല്യം ചെയ്യൽ---------22------27-----23-----15

സ്ത്രീധന മരണം -----0------1--------0-------0
ഭർത്താവിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നുമുള്ള പീഡനം--- 649----624----597---361
മറ്റ് കുറ്റകൃത്യങ്ങൾ---494---467---510---294

ആകെ കേസുകൾ

ഈ വർഷം ജൂലായ് 26 വരെ ജില്ലയിൽ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 22,816 ആണ്. കഴിഞ്ഞ വർഷം ഇത് 40,428 ആയിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 26959, 19045 ആയിരുന്നു.