മണിക പ്രീ ക്വാർട്ടറിൽ പുറത്ത്
പാരീസ് : തന്റെ 26-ാം പിറന്നാൾ ദിനത്തിൽ ഒളിമ്പിക്സ് ടേബിൾ ടെന്നിസിന്റെ പ്രീ ക്വാർട്ടറിലെത്തി ഇന്ത്യൻ വനിതാ താരം ശ്രീജ അകുല. കഴിഞ്ഞ ദിവസം മണിക ബത്ര ഒളിമ്പിക്സിൽ പ്രീ ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ഹൈദരാബാദുകാരിയായ ശ്രീജയും അവസാന 16ലേക്ക് എത്തിയത്. എന്നാൽ മണികയുടെ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചു.
ഇന്നലെ നടന്ന റൗണ്ട് ഒഫ് 32 മത്സരത്തിൽ സിംഗപ്പൂരിന്റെ ജിയാൻ ഷെംഗിനെ രണ്ടിനെതിരെ നാലുസെറ്റുകൾക്ക് തോൽപ്പിച്ചാണ്
ശ്രീജ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. 51 മിനിട്ട് നീണ്ട മത്സരത്തിൽ 9-11,12-10,11-4,11-5,10-12,12-10 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യ സെറ്റ് കൈവിട്ട ശ്രീജ രണ്ടും മൂന്നും നാലും സെറ്റുകൾ നേടി മത്സരത്തിൽ ആധിപത്യമുറപ്പിച്ചു. അഞ്ചാം സെറ്റിൽ സിംഗപ്പൂർ താരം വെല്ലുവിളി ഉയർത്തിയെങ്കിലും ആറാം സെറ്റും മത്സരവും ശ്രീജ സ്വന്തമാക്കുകയായിരുന്നു.
മണിക പ്രീ ക്വാർട്ടറിൽ ലോക എട്ടാം റാങ്കുകാരി ജാപ്പനീസ് താരം ഹിരാനോ മിയുവിനോട് 4-1നാണ് തോറ്റത്. സ്കോർ : 11-6,11-9,12-14,11-8,11-6. പ്രീ ക്വാർട്ടറിൽ 47 മിനിട്ടുകൊണ്ടാണ് ജാപ്പനീസ് താരം ജയിച്ചത്.