wayanad

കൊച്ചി: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട്ടിലേക്ക് കോർപ്പറേറ്റുകളുടെ സഹായ പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് മിക്ക വ്യവസായ പ്രമുഖരും സഹായധനം നൽകുന്നത്. ദുരന്തഭൂവിലേക്ക് നേരിട്ട് സഹായമെത്തിക്കുന്നവരുമുണ്ട്. കല്ല്യാൺ ജൂവല്ലേഴ്സും കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാങ്കേതര ധനകാര്യസ്ഥാപനമായ കെ.എസ്.എഫ്.ഇയും 5 കോടി രൂപ വീതമാണ് വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. കല്ല്യാൺ സിൽക്സും ഹൈപ്പർ മാർക്കറ്റും 2 കോടി രൂപയുടെ സഹായമാണ് ലഭ്യമാക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങി അവശ്യ വസ്തുക്കളുമായി കല്ല്യാൺ സിൽക്ക്സിന്റെ ട്രക്ക് ദുരന്തഭൂമിയിലെത്തും. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും മറ്റ് നാശനഷ്ടങ്ങൾ അനുഭവിച്ചവർക്കും ഭീമാ ജ്വല്ലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിന് ഇരയായവർക്ക് പുതുവസ്ത്രങ്ങൾ നൽകാൻ വസ്ത്രവ്യാപാരികളുടെ സംഘടനയായ കെ.ടി.ജി.എ തീരുമാനിച്ചു. വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും ആവശ്യനുസരണം വിതരണം ചെയ്യുന്നതിനും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന 'തുണി കൊണ്ടൊരു തണൽ' എന്ന പേരിൽ ഹെൽപ് സെന്റർ കോഴിക്കോട് ആരംഭിച്ചു. വയനാട് കളക്ടറേറ്റിൽ നിന്ന് അധികൃതർ നൽകുന്ന അറിയിപ്പിന് അനുസരിച്ച് ആവശ്യമായ വസ്ത്രങ്ങൾ എത്തിച്ചു നൽകും. വയനാട്ടിലെ ചൂരൽ മലയിലും മാനന്തവാടി, പനമരം, കൽപ്പറ്റ തുടങ്ങിയ ബ്ലോക്കുകളിലും സമീപപ്രദേശത്തും ദുരിതമനുഭവിക്കുന്ന ക്ഷീരകർഷർക്ക് കൈത്താങ്ങായി കേരള ഫീഡ്സും രംഗത്ത്. കേരള ഫീഡ്സിന്റെ സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് തിരുവങ്ങൂർ പ്ലാന്റിൽ നിന്ന് കർഷകർക്ക് സൗജന്യമായി 530 ചാക്ക് എലൈറ്റ് കാലിത്തീറ്റ എത്തിച്ച് നൽകും.

“അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങൾ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. “

ടി.എസ്. കല്യാണരാമൻ

കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ

“വേദനയുടെ ഈ വേളയിൽ ദുരന്തബാധിതർക്കൊപ്പം നിൽക്കുക എന്നുള്ളത് ഞങ്ങളുടെ ഏറ്റവും വലിയ കടമയാണ്. അതുകൊണ്ടാണ് കാലതാമസമില്ലാതെ സഹായഹസ്തവുമായ് കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും മുന്നിട്ടിറങ്ങിയിരിക്കുന്നത്. വയനാടിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വരും ദിവസങ്ങളിൽ ദുരന്തബാധിതരുടെ മുറിവുണക്കുവാൻ മനുഷ്യസഹജമായതെല്ലാം ചെയ്യും. “

ടി.എസ്. പട്ടാഭിരാമൻ

ചെയർമാൻ,​ മാനേജിംഗ് ഡയറക്ട‍ർ

കല്യാൺ സിൽക്സ്

“കെ.എസ്.എഫ്.ഇ. മാനേജ്മെന്റും ജീവനക്കാരും ചേർന്നാണ് 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. പുനരധിവാസ പ്രവർത്തനങ്ങളിൽ കെ.എസ്.എഫ്.ഇ. യുടെ പങ്കാളിത്തം സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ഉറപ്പു വരുത്തും“

കെ.വരദരാജൻ,​ ചെയർമാൻ

ഡോ.സനിൽ എസ്.കെ,​ മാനേജിംഗ് ഡയറക്ടർ

“ആൾ കേരള ഗോൾഡ് ആൻഡ് സിൽവ‍ർ മർച്ചന്റ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് 5 ലക്ഷം രൂപയിൽ കുറയാത്ത തുക സമാഹരിച്ച് ധനസഹായം നൽകും.“

ഡോ. ബി. ഗോവിന്ദൻ

സംസ്ഥാന പ്രസിഡന്റ്

ആൾ കേരള ഗോൾഡ് ആൻഡ് സിൽവ‍ർ മർച്ചന്റ് അസോസിയേഷൻ

സംസ്ഥാന ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് പ്രഖ്യാപിക്കുന്ന പദ്ധതികളിൽ പൂർണ സഹകരണം ഉറപ്പാക്കും. അറിയിച്ചു.

ഡോ. ബി. ശ്രീകുമാർ,​ കെ .ശ്രീകുമാർ

എം.ഡി,​ ചെയർമാൻ

കേരള ഫീഡ്സ്