olympics

വനിതാ ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ ക്വാർട്ടറിൽ

ക്വാർട്ടറിൽ ജയിച്ചാൽ ഒരു മെഡൽ ഉറപ്പാകും

പാരീസ് : ടോക്യോ ഒളിമ്പിക്സിലെ വനിതാ ബോക്സിംഗ് വെങ്കലമെഡൽ ജേതാവ് ലവ്‌ലീന ബോർഗോഹെയ്ന് ഈ ഒളിമ്പിക്സിലും ഒരു മെഡൽ ഉറപ്പിക്കാൻ ഒരൊറ്റ മത്സരം കൂടി ജയിച്ചാൽ മതി. പക്ഷേ അതിന് വെറും ഇടി പോരാ, ഒരു ഒന്നൊന്നര ഇടിതന്നെ വേണ്ടിവരും!. കാരണം ലവ്‌ലിന ഇനി നേരിടേണ്ടത് ടോപ് സീഡ് ചൈനീസ് താരം ലി ക്വിയാനെയാണ്.

ഇന്നലെ നടന്ന വനിതകളുടെ 75 കിലോ വിഭാഗം പ്രീ ക്വാർട്ടർ മത്സരത്തിൽ മുൻ ലോക ജൂനിയർ ചാമ്പ്യൻ സ്വീഡന്റെ സുന്നിവ ഹോഫ്സ്റ്റാഡിനെയാണ് 5-0ത്തിന് ലവ്‌ലിന തോൽപ്പിച്ചത്. ഈ ഒളിമ്പിക്സിലെ ലവ്‌ലിനയുടെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ രണ്ട് റൗണ്ടുകളിലും വ്യക്തമായ ആധിപത്യം പുറത്തെടുത്തായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.

ബോക്സിംഗിൽ ക്വാർട്ടർ ജയിച്ച് സെമിയിലെത്തിയാൽ മെഡൽ ഉറപ്പാകും. സെമിയിൽ തോൽക്കുന്നവർക്ക് വെങ്കലങ്ങളാണ് നൽകുക. കഴിഞ്ഞ തവണയും ലവ്‌ലിന സെമിയിലെത്തിയാണ് വെങ്കലം നേടിയത്. എന്നാൽ ഇത്തവണ ക്വാർട്ടറിൽ കീഴടക്കാനുള്ളത് ചില്ലറക്കാരിയെയല്ല. ലി ക്വിയാൻ രണ്ട് ഒളിമ്പിക്സുകളിലെയും മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിലെയും കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെയും സ്വർണമെഡൽ ജേതാവാണ്. ഏഷ്യൻ ഗെയിംസ് ഫൈനലിൽ ക്വിയാൻ ലവ്‌ലിനയെയാണ് തോൽപ്പിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന ഗ്രാൻപ്രീ മത്സരത്തിലും ലവ്‌ലിന ചൈനീസ് താരത്തോട് ഏറ്റുമുട്ടിത്തോറ്റിരുന്നു. ക്വാർട്ടർ കടക്കണമെങ്കിൽ ലവ്‌ലിനയ്ക്ക് ചില്ലറ ഇടിയൊന്നും പോരാതെവരുമെന്ന് സാരം.

ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ലവ്‌ലിനയുടെ ക്വാർട്ടർ ഫൈനൽ.