olympics

പാരീസ് : വനിതകളുടെ വ്യക്തിഗത ആർച്ചറിയിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷ ദീപിക കുമാരി പ്രീ ക്വാർട്ടറിലേക്ക് കടന്നു. ഇന്നലെ നടന്ന റൗണ്ട് ഒഫ് 32 എലിമിനേഷൻ മത്സരത്തിലും റൗണ്ട് ഒഫ് 16 എലിമിനേഷൻ മത്സരത്തിലും വിജയം നേടിയാണ് ദീപിക അവസാന 16 ലെത്തിയത്. ഓഗസ്റ്റ് മൂന്നിനാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾ.

റൗണ്ട് ഒഫ് 32ൽ എസ്തോണിയൻ താരം റീന പാർണത്തിനെ 6-5നാണ് ദീപിക കീഴടക്കിയത്. ഒരു സെറ്റിൽ മൂന്ന് അമ്പുകൾ വീതമുള്ള അഞ്ചു സെറ്റ് പോരാട്ടത്തിലെ ആദ്യ സെറ്റിൽ ദീപിക രണ്ട് പോയിന്റ് ലീഡ് നേടി. അടുത്ത സെറ്റിൽ റീന രണ്ട് പോയിന്റ് നേടി

2-2ന് സമനിലയാക്കി. അടുത്തസെറ്റിൽ ഇരുവരും ഓരോ പോയിന്റ് പങ്കുവച്ചു. നാലാം സെറ്റിൽ റീന രണ്ട് പോയിന്റും അഞ്ചാം സെറ്റിൽ ദീപിക രണ്ടുപോയിന്റും നേ‌ടിതോടെ ഒരമ്പ് മാത്രമുള്ള ഷൂട്ടോഫിലേക്ക് കടന്നു. ഷൂട്ടോഫിൽ ദീപിക ഒൻപത് പോയിന്റും റീന എട്ടുപോയിന്റും നേടിയതോടെ 6-5ന് ഇന്ത്യൻ താരം അടുത്ത റൗണ്ടിലേക്ക് കടന്നു.

റൗണ്ട് ഒഫ് 16ൽ ദീപിക നെതർലാൻഡ്സിന്റെ ക്വിന്റി റോയ്ഫനെ 6-2ന് ഏകപക്ഷീയമായാണ് തോൽപ്പിച്ചത്. നാലുസെറ്റുകളിൽ രണ്ടാമത്തേതിൽ ഒഴികെ മൂന്നിലും ദീപിക രണ്ട് പോയിന്റിന്റെ വീതം ലീഡ് നേടി.

മൂന്നിന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ജർമ്മനിയുടെ മൈക്കലെ ക്രോപ്പെനാണ് ദീപികയുടെ എതിരാളി. കഴിഞ്ഞ ദിവസം മറ്റൊരു ഇന്ത്യൻ വനിതാ താരം ഭജൻ കൗറും പ്രീ ക്വാർട്ടറിലെത്തിയിരുന്നു. മൂന്നാം തീയതി ഭജൻ ഇന്തോനേഷ്യയുടെ ഖൈറുന്നിസയെ നേരിടും.