വയനാട് : വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും , മുൻവർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
കുറുമ്പാലക്കോട്ട, ലക്കിടി, മണിക്കുന്നുമല, മുട്ടിൽ കോൽപ്പാറക്കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്ത് നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു.
തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം ഭാരതപ്പുഴയിൽ കേന്ദ്രജല കമ്മിഷൻ പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലകമ്മിഷൻ മുന്നറിയിപ്പ് നൽകി.