കൽപ്പറ്റ: വയനാട് ചൂരൽമല പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തുന്ന ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഫയർഎഞ്ചിൻ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ രണ്ടെണ്ണവുമാണ് പാർക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണമെന്നും കളക്‌ടർ അറിയിച്ചു.
ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്ന് മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 254 ആയി. ദുരന്തസ്ഥലത്ത് നാളെ വൈകിട്ട് ബെയിലി പാലം സജ്ജമാക്കും. അതേസമയം മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും ഇപ്പോഴും മഴയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
ദുരന്തത്തിൽ ഇതുവരെ 222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തെരച്ചിലിൽ കണ്ടെടുത്ത 10 മൃതദേഹങ്ങൾ മേപ്പാടി സി.എച്ച്.സിക്ക് സമീപമുള്ള മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിച്ചു. 20 മൃതദേഹങ്ങൾ കൂടി അവിടെ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞ ശേഷം മൃതദേഹങ്ങൾ കൈമാറും. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 11 പേർ ഐ.സിയുവിൽ തുടരുകയാണ്.