മുംബയ്: രാജ്യത്ത് മൊബൈല്‍ താരിഫുകള്‍ ടെലികോം കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെയാണ് നിരക്ക് വര്‍ദ്ധന ഏറ്റവും അധികം ബാധിച്ചത്. ഇതോടെ നിരവധിപേര്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് നമ്പറുകള്‍ പോര്‍ട്ട് ചെയ്തിരുന്നു. ഫോണ്‍ കോളുകള്‍ക്ക് ബിഎസ്എന്‍എല്‍ അനുയോജ്യമാണെങ്കിലും വേഗത കുറവുള്ള ഡാറ്റ ഒരു ന്യൂനതയാണ്. ആളുകള്‍ പോര്‍ട്ട് ചെയ്യുന്നത് വ്യാപകമായതോടെ കുറഞ്ഞ നിരക്കില്‍ മൊബൈല്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് അംബാനിയുടെ ജിയോ.
22 ദിവസത്തെ പ്ലാനിനായി നല്‍കേണ്ടത് വെറും 209 രൂപയാണ്. ദിവസേന ഒരു ജി.ബി ഡാറ്റ, 100 എസ്എംഎസ്, ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ ഫോണ്‍കോള്‍ എന്നിവയാണ് ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് ഒരു ദിവസം ഒരു ജി.ബി എന്ന പരിധിയുള്ളത്. എന്നാല്‍ 5ജി ആണെങ്കില്‍ അണ്‍ലിമിറ്റഡ് ആയി ജിയോ ഡാറ്റ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 5ജി സേവനങ്ങള്‍ ജിയോ നല്‍കുന്നതിനാല്‍ ഡാറ്റ പരിധി ഒരു പ്രശ്‌നമേയല്ല.
ഡാറ്റ, ഫോണ്‍കോള്‍, എസ്എംഎസ് എന്നിവയ്ക്ക് പുറമേ ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്ക് സൗജന്യ സബ്ക്രിപ്ഷനും ലഭ്യമാണ്. എന്നാല്‍ ഈ പ്ലാനിന്റെ ഒരു കുറവ് എന്താണെന്നാല്‍ വെറും 22 ദിവസത്തേക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്നതാണ്. അതിന് ശേഷം വീണ്ടും 209 രൂപ മുടക്കി റീചാര്‍ജ് ചെയ്യണം. അങ്ങനെ നോക്കുമ്പോള്‍ പ്രതിദിന ചെലവ് 9.50 രൂപയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പ്ലാന്‍ 28 ദിവസത്തേക്ക് ലഭിക്കാന്‍ 249 രൂപയുടെ റീചാര്‍ജ് മതിയാകും. ഇതിന് ഒരു ദിവസത്തെ ചെലവ് വെറും 8.89 രൂപ മാത്രമാണ്.