olympics

പാരീസ് : ഒളിമ്പിക്സിലെ പുരുഷ ടെന്നിസ് സിംഗിൾസിൽ സെർബിയൻ ടെന്നിസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് ചരിത്ര നേട്ടത്തോടെ ക്വാർട്ടറിലെത്തി. മൂന്നാം റൗണ്ടിൽ ജർമ്മനിയുടെ ഡൊമിനിക് കോപ്ഫെറിനെ നേരിട്ടുള്ള സെറ്രുകളിൽ വീഴ്ത്തിയാണ് ജോക്കോവിച്ച് കരിയറിലെ നാലാം ഒളിമ്പിക്സ് ക്വാർട്ടറിന് യോഗ്യത നേടിയത്. ഒളിമ്പിക്സ് ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ക്വാർട്ടറിലെത്തിയ താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി. ഒളിമ്പിക്സ് ടെന്നിസ് ക്വാർട്ടറിലെത്തുന്ന ഏറ്രവും പ്രായം കൂടിയ താരം കൂടിയാണ് 37കാരനായ ജോക്കോ. ഒരുമണിക്കൂർ 37 മിനിട്ട് നീണ്ട പോരാട്ടത്തിലാണ് ഡൊമിനിക്കിനെ 7-5,​6-3ന് തോൽപ്പിച്ചത്. സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിനെ രണ്ടാം റൗണ്ടിൽ വീഴ്ത്തിയാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ എത്തിയത്. ക്വാർട്ടറിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ജോക്കോവിച്ചിന്റെ എതിരാളി.