finance

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2023-24 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ കടബാധ്യത 14,500 കോടി രൂപയായി. കടപ്പത്രങ്ങളിറക്കി ഇ-കുബേര്‍ പോര്‍ട്ടലില്‍ നിന്ന് 2000 കോടി രൂപ കൂടി കടമെടുത്തതോടെയാണ് മൊത്തം കടം ഉയര്‍ന്നത്. ഡിസംബര്‍ മാസം വരെ അനുവദനീയമായ തുകയില്‍ ഇനി 6753 കോടി രൂപ കൂടി മാത്രമേ കേരളത്തിന് കടമെടുക്കാന്‍ അനുമതിയുള്ളൂ. ഡിസംബര്‍ വരെ 21,253 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്ര അനുമതിയുള്ളത്.

21,000 കോടി രൂപ കടമെടുക്കാനുള്ള അവകാശം കേരളത്തിനുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്. ഡിസംബറിന് ശേഷം കൂടുതല്‍ തുക കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള മൂന്ന് മാസത്തേക്കുള്ള കടമെടുക്കല്‍ മാത്രമായിരിക്കും അനുവദിക്കുകയെന്നതിനാല്‍ തന്നെ വലിയ തുകയ്ക്ക് അനുമതി ലഭിക്കാനും ബുദ്ധിമുട്ടാണ്. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഉത്സവകാലത്ത് കൂടുതല്‍ പണം കൈവശം വേണമെന്നതാണ് മറ്റൊരു പ്രതിസന്ധി.

ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എന്നിവ കണ്ടെത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഓണക്കാലത്ത് ബോണസും ഉത്സവബത്തയും നല്‍കുകയും വേണം. ഇതിന് പുറമേ ഓണക്കിറ്റ്, വിവിധ ക്ഷേമ പെന്‍ഷനുകള്‍, മുന്‍കൂര്‍ ശമ്പളം തുടങ്ങിയ ചിലവുകള്‍ക്കെല്ലാം പണം കണ്ടെത്തേണ്ടതുണ്ട്. ഓണക്കാലത്ത് മാത്രം സംസ്ഥാന സര്‍ക്കാരിന് 15,000 കോടിക്കടുത്താണ് മൊത്തം ചെലവ് വരുന്ന തുക.

കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ സംസ്ഥാനത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി 24,000 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അനുവദിച്ചില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനമെന്നത് 3.5 ശതമാനമായി ഉയത്തണമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.