veg

ആറ്റിങ്ങൽ: ഓണത്തിന് വിഷരഹിത പച്ചക്കറികളുമായി യുവ കർഷകരുടെ കൂട്ടായ്മയായ ജൈവശ്രീ കൃഷിക്കൂട്ടം. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുള്ളിയിൽക്കടവിലാണ് കൃഷി ഭൂമി.തരിശുകിടന്ന നാലരയേക്കർ ഭൂമി പാട്ടത്തിനെടുത്താണ് ജൈവക്കൃഷി ചെയ്യുന്നത്.ഹൈബ്രിഡ് വിത്തുകളടക്കം വിവിധയിനത്തിലുള്ള ഇരുപതിനം പച്ചക്കറികളാണ് നട്ടത്. ഇതിനു പുറമെ ഓണത്തിന് പൂക്കളമൊരുക്കാൻ വിവിധയിനം ജണ്ടുമല്ലികളും കൃഷി ചെയ്യുന്നുണ്ട്.

നിലമൊരുക്കാൻ ചെറിയ ട്രാക്ടറുണ്ട്. കൃഷിഭൂമി നദിക്കരയിലായതുകൊണ്ട് ജലദൗർലഭ്യവുമില്ല.

ഓണത്തിനുശേഷവും കൃഷി തുടരാനാണ് കൂട്ടായ്മയുടെ തീരുമാനം. പന്നികളുടെയും മറ്റ് ജീവികളുടെയും ശല്യം ഒഴിവാക്കാൻ തോട്ടത്തിന് ചുറ്റും സോളാർ ഫെൻസിംഗും ഒരുക്കി,നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് ഒരു ഹൈടെക്ക് കൃഷിയിടമാക്കി ഇവിടം മാറിക്കഴിഞ്ഞു. കടയ്ക്കാവൂർ സ്വദേശി ബിനുവിന്റെ നേതൃത്വത്തിൽ ജോയി,ദീപക്ക്,രജീഷ്,അമൽ,ശ്രീകുമാർ,ഷിനു എന്നിവർ ചേർന്ന് രൂപീകരിച്ച മാതൃക പച്ചക്കറി കൃഷിയിടത്തിന് ജൈവശ്രീ ഫാം എന്നാണ് പേരു നൽകിയിരിക്കുന്നത്.

മുദാക്കൽ കൃഷിഭവന്റെ കീഴിലുള്ള കൃഷി കൂട്ടായ്മയുടെ ജൈവ പച്ചക്കറിത്തോട്ടം മാതൃകയാണ്.

ജാസ്മി.വൈ,കൃഷി ഓഫീസർ,മുദാക്കൽ

ജൈവ പച്ചക്കറികൾ

വെണ്ട,പാവൽ,പടവലം,പയർ,കത്തിരി,വഴുതന,തക്കാളി,അമര,മത്തൻ,വെള്ളരി വിവിധയിനം മുളകുകൾ,കുമ്പളം,കോവൽ,വഴുതനങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പശുക്കളുമുണ്ട്.

ജൈവ വളത്തിനായി പച്ചക്കറിത്തോട്ടത്തിൽ ഒരു ഡസനോളം പശുക്കളെ വളർത്തുന്നുണ്ട്.അതിന് തീറ്റികൊടുക്കാൻ വേണ്ട തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്. ചാണകം,ഗോമൂത്രം എല്ലാം പ്രത്യേക അളവിൽ കൂട്ടിച്ചേർത്തുള്ള മിശ്രിതമാണ് വളത്തിനായി ഉപയോഗിക്കുന്നത്.