my-home

ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് അടുക്കള. നല്ല ശ്രദ്ധ നല്‍കേണ്ടതും വൃത്തിയില്‍ സൂക്ഷിക്കേണ്ടതുമായ സ്ഥലം കൂടിയാണ് അടുക്കള. വീട്ടിലുള്ള അംഗങ്ങളുടെ സമ്പദ് സമൃദ്ധിക്കും ഐശ്വര്യത്തിനും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് വിശ്വാസം. വാസ്തുശാസ്ത്രത്തില്‍ പറയുന്നത് അനുസരിച്ച് വീടുകളുടെ ഊര്‍ജത്തിന്റെ ഉത്ഭവ സ്ഥാവം അടുക്കളയാണെന്നാണ് വിശ്വാസം.

അതിനാല്‍ തന്നെ വീട് നിര്‍മിക്കുമ്പോള്‍ വളരെ പ്രാധാന്യം നല്‍കേണ്ട സ്ഥലം കൂടിയാണ് അടുക്കളയെന്നും വാസ്തുശാസ്ത്രത്തില്‍ പറയുന്നു. അതുപോലെ തന്നെ വീടിന്റെ പണി പൂര്‍ത്തിയായി ആള്‍ത്താമസം ആരംഭിച്ച് കഴിഞ്ഞാലും അടുക്കളയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അടുക്കളയില്‍ ഓരോ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും പ്രത്യേകമായ സ്ഥലമുണ്ട് ശാസ്ത്രം അനുസരിച്ച്. സാധനങ്ങള്‍ വയ്‌ക്കേണ്ട സ്ഥലത്ത് സൂക്ഷിച്ചാല്‍ സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുമെന്നും പറയപ്പെടുന്നു.

അടുക്കള പണിയുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ വീടുകളുടേയും അടുക്കള തെക്ക് കിഴക്ക് ദിശയിലായിരിക്കണമെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. ഒരുകാരണവശാലും വീടിന്റെ വടക്ക് - കിഴക്ക്, തെക്ക് -പടിഞ്ഞാറ് ദിശയില്‍ അടുക്കള പണിയാന്‍ പാടില്ലെന്നും വാസ്തുശാസ്ത്രത്തില്‍ പറയുന്നു. പ്രധാന അടുപ്പിന്റെ സ്ഥാനം വടക്ക് - കിഴക്ക് ദിശയില്‍ വേണം വരാനെന്നും ശാസ്ത്രത്തില്‍ സൂചിപ്പിക്കുന്നു.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ കിഴക്കോട്ട് നില്‍ക്കുന്ന രീതിയില്‍ വേണം അടുപ്പ് ഉറപ്പിക്കേണ്ടത്. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് അടുക്കളയില്‍ ജനാലകള്‍ പണിയണമെന്നതും ഒരു കാരണവശാലും കറുപ്പ് നിറത്തിലുള്ള പെയിന്റ് അടിക്കരുതെന്നതും. മഞ്ഞ, റോസ്, പച്ച, കാപ്പിപ്പൊടി, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങള്‍ അടുക്കളയില്‍ പെയിന്റ് അടിക്കുമ്പോള്‍ നല്‍കുന്നതാണ് നല്ലതെന്നും പറയപ്പെടുന്നു.