jറിയാദ് : മലയാളിയുടെ കൊലപാതക കേസിൽ സൗദിയിൽ അഞ്ചുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ഒരു മലയാളിയെയും നാല് സൗദി പൗരൻമാരെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലാണ് നടപടി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖാണ് വധശിക്ഷയ്ക്ക് വിധേയനായ മലയാളി.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി കൂടത്തിങ്ങൽ സമീറിനെ കൊന്ന് ബ്ലാങ്കറ്റിലാക്കി ഉപേക്ഷിച്ചെന്നായിരുന്നു കേസ്. സമീർ പണമിടപാട് നടത്തുന്ന ആളാണെന്ന് മനസിലാക്കിയ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ സഹായിച്ചതിനാണ് തൃശൂർ സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദിനെതിരെ കേസെടുത്തത്.തട്ടിക്കൊണ്ടുപോയ ശേഷം പണമില്ലെന്ന് മനസിലാക്കിയതോടെ മൂന്നുദിവസം ബന്ദിയാക്കി മർദ്ദിച്ചു. ഇതിനിടയിൽ മരിച്ചതോടെ മാലിന്യ ബോക്സിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചെറിയ പെരുന്നാൾ ദിവസമായിരുന്നു സംഭവം.
നൈസാം സാദിഖിനെ കൂടാകെ സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ്, ഹുസൈൻ ബിൻ ബാഖിർ, ഇദ്‌രീസ് ബിൻ ഹുസൈൻ, ഹുസൈൻ ബിൻ അബ്ജുള്ള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജുബൈൽ പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സാധാരണ രീതിയിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷയിൽ ഇളവ് ലഭിക്കും. എന്നാൽ ക്രൂരമായ കൊലപാതകമായതിനാൽ കുടുംബം ഇക്കാര്യം പരിഗണിച്ചില്ല. അതേസമയം രാജ്യദ്രോഹ വകുപ്പിൽ പെടുത്തി കേസെടുത്തതിനാൽ കുടുംബത്തിന്റെ മാപ്പു കൊണ്ടും ഫലമുണ്ടാകുമായിരുന്നില്ല.