goa

പനാജി: ഗോവയില്‍ മദ്യ നിരോധനം നടപ്പിലാക്കണമെന്ന വിചിത്രമായ ആവശ്യവുമായി ബിജെപി എംഎല്‍എ പ്രേമേന്ദ്ര ഷെട്ട്. നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.'വികസിത് ഭാരത്', 'വികസിത് ഗോവ' എന്നിവയ്ക്ക് വേണ്ടി ഗോവയില്‍ മദ്യം നിരോധിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം.

സംസ്ഥാനത്ത് മദ്യം ഉത്പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാം, എന്നാല്‍ ഗോവയില്‍ അതിന്റെ ഉപഭോഗം നിരോധിക്കണം എന്നാണ് പ്രേമേന്ദ്ര ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യത്തിന്റെ ഉപയോഗം മൂലം റോഡുകളിലും മറ്റും ആളുകള്‍ മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ ഒരു ബിജെപി എംഎല്‍എ പോലും പിന്തുണച്ചില്ലെന്നതാണ് രസകരമായ വസ്തുത.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ- ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. പ്രധാനമായും ഗോവയിലെ ബീച്ചുകള്‍ ആണ് ആകര്‍ഷണമെങ്കിലും മദ്യവും അതുപോലെ പ്രശസ്തമാണ്. ഫെനി എന്ന ഗോവന്‍ മദ്യം കഴിക്കാന്‍ വേണ്ടി മാത്രം ടൂറിസ്റ്റുകള്‍ എത്താറുമുണ്ട്.

അത്തരം പ്രത്യേകതകളുള്ള ഒരു സംസ്ഥാനത്ത് മദ്യം നിരോധിച്ചാല്‍ ഉണ്ടാകുന്ന ടൂറിസം മേഖലയിലുള്‍പ്പെടെയുള്ള തിരിച്ചടികളെ കുറിച്ച് ഒന്നും പഠിക്കാതെയാണ് എംഎല്‍എയുടെ ആവശ്യമെന്നതാണ് ശ്രദ്ധേയം. ഗോവയുടെ പ്രധാന വരുമാനം തന്നെ വിനോദസഞ്ചാരം, മദ്യം എന്നീ മേഖലകളില്‍ നിന്നാണ്.