തൊടുപുഴ: നഗരത്തില്‍ വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍ പഴകിയ മത്സ്യമെന്ന പേരില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മത്സ്യങ്ങളില്‍ മായം ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. വിഴിഞ്ഞം കടപ്പുറത്ത് നിന്ന്, തൊടുപുഴ നീരാളി മാര്‍ക്കറ്റില്‍ എത്തിച്ച മത്സ്യങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പഴകിയ മത്സ്യമെന്ന പേരില്‍ പിടിച്ചെടുത്തത്.
മാര്‍ക്കറ്റില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിനുണ്ടെന്ന് അധികൃതര്‍ തന്നെ പറയുകയും വില്‍പന തടയുകയും ചെയ്തു. തുടര്‍ന്ന് കൊച്ചി കാക്കനാടുള്ള ലാബിലേക്ക് സാമ്പിള്‍ അയക്കുകയും ചെയ്തു. തുടര്‍ന്ന് മത്സ്യം കൊണ്ടു വന്ന നാല് വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെ പരിശോധന ഫലം വരുകയും ഇതില്‍ യാതൊരുവിധ കെമിക്കലുകളും ഇല്ലെന്ന് തെളിയുകയും ചെയ്തു. അധികൃതരുടെ ഈ നടപടിയെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് വ്യാപാരികള്‍ പറഞ്ഞു.
പരിശോധനാ ഫലത്തിന്റെ കോപ്പി തരാതെ വാഹനം മാറ്റില്ലെന്ന് മത്സ്യ വ്യാപാരികള്‍ നിലപാട് എടുത്തതോടെ അധികൃതര്‍ ഇത് നല്‍കി. പരിശോധനയുടെ പേരില്‍ നഷ്ടം ഉണ്ടാക്കിയതിന് തങ്ങള്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.