d

തിരുവനന്തപുരം:ഇറാനിൽ ജനിച്ച് ദുബായിൽ ജീവിക്കുന്ന ഡോ.ഹുമൻ മോഹൻ പരമേശ്വരൻ തമ്പി കുടുംബത്തിന്റെ വേരുകൾ തേടി കവടിയാർ കൊട്ടാരത്തിലെത്തി. വിശാഖം തിരുനാൾ മഹാരാജാവിന്റെ ഭാര്യ അരുമന വെള്ളാങ്കോട് ഭാരതി ലക്ഷ്മിപിള്ള കൊച്ചമ്മയുടെ കുടുംബാംഗമായ അരുമന പരമേശ്വരൻ തമ്പിയുടെ കൊച്ചുമകനാണ് ഡോ.ഹുമൻ മോഹൻ പരമേശ്വരൻ തമ്പി.

തിരുവിതാംകൂറിന്റെയും തന്റെ കുടുംബവീടായ അരുമന അമ്മവീടിന്റെയും ചരിത്ര സ്രോതസ്സുകൾ തേടിയാണ് കവടിയാർ കൊട്ടാരത്തിലെത്തി പൂയം തിരുനാൾ ഗൗരി പാർവതി ബായിയെയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയെയും കണ്ടത്. അമ്മവീടിനെയും തിരുവിതാംകൂർ രാജവംശത്തെയും കുറിച്ച് ഇംഗ്ലീഷിൽ പുസ്തകം തയ്യാറാക്കാനാണ് ഡോ.തമ്പി തിരുവനന്തപുരത്തെത്തിയത്.

അരുമന പരമേശ്വരൻ തമ്പിയുടെ മകൻ ഡോ.മോഹൻ തമ്പി ഇറാനിൽ ജോലി ചെയ്യുമ്പോഴാണ് ഇറാനിയൻ സ്വദേശിയായ സുഹ്‌റയെപ്രണയിച്ച് വിവാഹം ചെയ്തത്. ഡോ.ഹുമന് പത്തുവയസുള്ളപ്പോൾ മോഹൻ തമ്പി സുഹ്‌റയുമായി പിരിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങി. ഡോ.മോഹൻ തമ്പിയുടെ ഏകമകനായ ഡോ.ഹുമൻ മോഹൻ പരമേശ്വരൻ തമ്പി ദുബായിലെ ഇറാനിയൻ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

തിരുവിതാംകൂറിലെ രാജവംശ ചരിത്രങ്ങൾ ശേഖരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് പ്രസിഡന്റും ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ലൈബ്രേറിയനുമായ ഡയസ് ഇടിക്കുളയാണ് ഡോ.ഹുമൻ തമ്പിയെ കവടിയാർ കൊട്ടാരത്തിലെത്തിച്ചത്. ഡോ.ഹുമൻ തമ്പിയുടെ മുത്തച്ഛൻ അരുമന പരമേശ്വരൻ തമ്പിയുടെയും പിതാവ് ഡോ. മോഹൻ തമ്പിയുടേയും ഓർമ്മയ്‌ക്കായാണ് ഡോ.ഹുമൻ മോഹൻ പരമേശ്വരൻ തമ്പി എന്ന് പേരിട്ടത്. യു.എ.ഇയിലെ ഓണം,വിഷു പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഡോ.ഹുമൻ തമ്പിയെ കേരളത്തോട് കൂടുതൽ അടുപ്പിച്ചത്.