മലപ്പുറം: ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ എത്ര അധിക പ്ലസ്‌വൺ ബാച്ചുകൾ അനുവദിക്കണമെന്നതിൽ ഈ മാസം അഞ്ചിന് ശേഷം സർക്കാർ അന്തിമ തീരുമാനമെടുക്കും. ഇന്ന് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി അലോട്ട്മെന്റിലെ പ്രവേശന നടപടികൾ വ്യാഴാഴ്ച പൂർത്തിയാവും. ഇതോടെ പ്ലസ്‌വൺ സീറ്റ് ലഭിക്കാത്ത കുട്ടികളുടെ കൃത്യമായ കണക്ക് ലഭിക്കും. സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങൾ കൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിശോധിക്കുന്നതിനായി സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിയുടെ തീരുമാനം. സമിതിയംഗമായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് സെക്രട്ടറി ആർ. സുരേഷ് കുമാർ ഇന്നലെ രാവിലെ ജില്ലയിലെത്തി ആർ.ഡി.ഡി ഡോ. പി.എം. അനിലുമായി ചർച്ച നടത്തി. തുടർന്ന് ഇരുവരുമടങ്ങിയ സംഘം തിരൂരങ്ങാടി താലൂക്കിലെ തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകൾ സന്ദർശിച്ചു. വേങ്ങര ബി.എച്ച്.എസ്.എസ്, വേങ്ങര ജി.ബി.എച്ച്.എസ്.എസ്, ഗവ.മോഡൽ എച്ച്.എസ്.എസ് യൂണിവേഴ്സിറ്റി, തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും നിലവിൽ ഹയർസെക്കൻഡറികളില്ലാത്ത കുറുക ജി.എച്ച്.എസ്, തൃക്കുളം ജി.എച്ച്.എസ്, കൊളപ്പുറം ജി.എച്ച്.എസ് എന്നിവിടങ്ങളിലും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. പുതിയ ബാച്ചുകൾ അനുവദിക്കാൻ സ്കൂളിൽ കെട്ടിടമടക്കമുള്ള സൗകര്യങ്ങളുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിച്ചത്. ഇന്ന് മറ്റ് താലൂക്കുകളിലെ സ്കൂളുകളിൽ സന്ദർശനം തുടരും. ജില്ലയിൽ 85 സർക്കാർ ഹയർസെക്കൻഡറികളുണ്ട്. രണ്ട് ദിവസത്തെ സന്ദർശന ശേഷം പ്ലസ്‌വൺ അപേക്ഷകരുടെ താലൂക്ക് തല കണക്കും സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും സ്കൂളുകളുടെ സൗകര്യങ്ങളും വിലയിരുത്തി ജോയിന്റ് ഡയറക്ടറും ആർ.ഡി.ഡിയും സംയുക്തമായി റിപ്പോർട്ട് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കും.
സൗകര്യങ്ങൾ ഒരുക്കും
പ്ലസ്‌വൺ സീറ്റ് കുറവുമായി ബന്ധപ്പെട്ട് രണ്ടംഗ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, സർക്കാർ സ്‌കൂളുകളിലെ പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിച്ച് ശനിയാഴ്ച ഓൺലൈൻ മീറ്റിംഗ് ചേർന്നിരുന്നു.
സർക്കാർ സ്കൂളുകളിൽ അധിക ബാച്ച് അനുവദിച്ചാൽ ഇതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് ജില്ലാ പഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളും അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ എത്ര അധിക ബാച്ചുകൾ വേണ്ടിവരുമെന്നത് സ്കൂൾ സന്ദർശനവും സപ്ലിമെന്ററി അപേക്ഷയിലെ അഡ്മിഷനും പൂർത്തിയായ ശേഷം തീരുമാനിക്കും. സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിച്ചാൽ സൗകര്യങ്ങൾ ഒരുക്കാമെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്.
ആർ. സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി, ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം.