# കേന്ദ്ര സർക്കാരിൽ നിന്ന് 300 കോടി രൂപ ലഭിച്ചു
മലപ്പുറം: നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്ക് നൽകാനുള്ള 85 കോടിയോളം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകിയേക്കും. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശികയിൽ 300 കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം സംസ്ഥാന വിഹിതം കൂടി ഉൾപ്പെടുത്തി 2023- 24 വർഷം ബാങ്കുകൾക്ക് നൽകാനുള്ള കുടിശ്ശിക തിരിച്ചടയ്ക്കും. പിന്നാലെ ഈ വർഷം സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ തുക ബാങ്കുകളിൽ നിന്ന് ലോണായി കർഷകർക്ക് അനുവദിക്കും. നെല്ല് സംഭരിച്ച ശേഷം സപ്ലൈകോ കർഷകർക്ക് നൽകുന്ന പാഡി രസീത് സ്ലിപ്പ് (പി.ആർ.എസ് ) ബാങ്കുകളിൽ സമർപ്പിക്കുന്ന മുറയ്ക്ക് കർഷകർക്ക് തുക വായ്പയായി നൽകുകയാണ് രീതി. സർക്കാർ പിന്നീട് ഈ തുക ബാങ്കുകൾക്ക് തിരിച്ചുനൽകുകയാണ് ചെയ്യാറ്. സംഭരിച്ച നെല്ലിനുള്ള തുക കർഷകർക്ക് നൽകാൻ കാനറ, എസ്.ബി.ഐ ബാങ്കുകളുമായി സംസ്ഥാന സർക്കാർ കരാർ ഉണ്ടാക്കിയിട്ടുണ്ട്.
പ്രതിസന്ധിക്ക് കാരണമിത്
കോടികളുടെ കുടിശ്ശിക വന്നതോടെ വായ്പാ പരിധി ഉയർത്താൻ ബാങ്കുകൾ തയ്യാറാവാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സർക്കാരിന്റെ 21.83 രൂപയും സംസ്ഥാനത്തിന്റെ 6.49 രൂപയും അടക്കം 28.32 രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. പി.ആർ.എസ് നൽകി 15 ദിവസത്തിനകം പണം നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പാലിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. നെല്ല് സംഭരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും കർഷകർക്ക് തുക നൽകിയിട്ടില്ല. ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് ഭൂരിഭാഗം പേരും.
താലൂക്ക് .................... നെല്ല് (ടൺ) ......................... തുക
തിരൂരങ്ങാടി ......... 6,797.................................... 19,24,92,399
തിരൂർ..................... 6,263 .................................... 17,73,75,353
പൊന്നാനി............ 10,595 ....................................30,00,52,722
പെരിന്തൽമണ്ണ....... 4,502 .................................. 12,75,15,331
കൊണ്ടോട്ടി .......... 3,489..................................... 98,82,830
നിലമ്പൂർ................... 846.................................... 2,39,85,878
ഏറനാട്/മഞ്ചേരി..... 685 ................................... 1,94,17,664
ആകെ ................... 30,039 .................................... 85,07,12,197
28.32 - ഒരുകിലോ നെല്ലിന് കർഷകർക്ക് ലഭിക്കുന്ന തുക.
21.83 - കേന്ദ്ര സർക്കാർ നൽകുന്ന തുക.
6.49 - സംസ്ഥാന സർക്കാർ നൽകുന്ന തുക.
നെല്ല് സംഭരിച്ചതിനുള്ള തുക വൈകാതെ വായ്പയായി കർഷകർക്ക് അനുവദിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
എം. ദിവ്യ, നെല്ല് സംഭരണ ഓഫീസർ, സപ്ലൈകോ റീജ്യണൽ ഓഫീസ് പാലക്കാട്