മലപ്പുറം: ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലുണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1,420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 5,360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചു. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂൺ മാസം 154 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1,607 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അത്താണിക്കൽ 245, കുഴിമണ്ണ 91, മൂന്നിയൂർ 85, ചേലേമ്പ്ര 53, കൊണ്ടോട്ടി 51, തിരൂരങ്ങാടി 48, പരപ്പനങ്ങാടി 48, നന്നമ്പ്ര 30 എന്നിവിടങ്ങളിലാണ്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വെണ്ണായൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച മൂന്നു സാമ്പിളുകൾ ഷിഗല്ലയാണെന്നാണ് പരിശോധനാ ഫലം. സ്കൂളിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട് .