മലപ്പുറം: അനധികൃത ചെങ്കൽ ഖനനം കണ്ടെത്തുന്നതിനായി മലപ്പുറം മേൽമുറി വില്ലേജ് പരിധിയിൽ റവന്യു, ജിയോളജി വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് ടിപ്പർ വാഹനങ്ങളും 11 ഖനന യന്ത്രങ്ങളും പിടിച്ചെടുത്തു. മേൽമുറി ആലിയപറമ്പ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വാഹനങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തത്. വില്ലേജ് ഓഫീസർ പി. വേണുഗോപാൽ, സ്‌ക്വാഡ് ജിയോളജിസ്റ്റ് ബിജുമോൻ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിൽ പ്രകാശ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ സി. ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.