വണ്ടൂർ: കേരളത്തിലെ കൊറ്റില്ലങ്ങൾ മൺസൂൺ ശക്തി പ്രാപിക്കുന്നതോടെ വീണ്ടും സജീവമാകുകയാണ്. മലപ്പുറം ജില്ലയിൽ മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ സർവ്വേകളിൽ ചെറുതും വലുതുമായ 23ഓളം കൊറ്റില്ലങ്ങൾ കണ്ടെത്തി. കൊറ്റികൾ കൂട്ടമായിമരക്കൂട്ടങ്ങളിൽ കൂടുവച്ച് താമസിക്കുന്ന സ്ഥലങ്ങളാണ് കൊറ്റില്ലങ്ങൾ. മഴക്കാലമടുക്കുമ്പോഴാണ് കൊറ്റില്ലങ്ങൾ രൂപപ്പെടുക.
മേയ് മാസത്തിൽ കിട്ടിയ മഴ കൊറ്റില്ലങ്ങൾ നേരത്തെയാവാൻ കാരണമായി. ദേശീയപാതയോട് ചേർന്നും തണ്ണീർത്തടങ്ങളിലുമായാണ് കൊറ്റില്ലങ്ങൾ കൂടുതലായി കാണുന്നത്.ചെറിയ നീർകാക്ക, പാതിരാക്കൊക്ക് , പെരിയ മുണ്ടി, ചിന്നമുണ്ടി, മീഡിയൻ എഗ്രെറ്റ്, കുളകൊക്ക് എന്നിവയുടെ കൂടുകളാണ് ദേശീയപാതയോട് ചേർന്ന് കാണുന്നവയിലധികവും. എന്നാൽ തിരുനാവായ, ചെമ്മാട് തണ്ണീർതടങ്ങളിൽ അവയോടൊപ്പം ഓപ്പൺ ബിൽ സ്റ്റോർക്ക്, ചായമുണ്ടി, കിന്നരി നീർകാക്ക എന്നിവയേയും വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെടുന്ന വെള്ള അരിവാൾകൊക്കൻ, ചേരക്കോഴി എന്നിവയും കൂട്ടത്തോടെ പ്രജനനം നടത്തുന്നു. മനുഷ്യ നിർമ്മിത സമ്മർദ്ദങ്ങൾ (മരം, ശിഖരങ്ങൾ എന്നിവ വെട്ടി മാറ്റൽ, ദേശീയ പാതാ വികസനം, വെടിവയ്പ്പ്, പടക്കം പൊട്ടിക്കൽ, തണ്ണീർത്തട ശോഷണം എന്നിങ്ങനെ കൊറ്റില്ലങ്ങൾ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങൾ പലതാണ്. തണ്ണീർത്തട പക്ഷി സംരക്ഷണം അടിയന്തര പ്രാധാന്യമർഹിക്കുന്നതാണെന്ന് മമ്പാട് എം.ഇ.എസ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഫ്രണ്ട്സ് ഓഫ് നേച്ചർ നേച്ചർ എഡ്യൂക്കേഷൻ ഓഫീസറുമായ ഡോ. ബിനു ചുള്ളകാട്ടിലും കൊറ്റില്ല സർവ്വേകളിൽ സജീവമായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിജേഷ് വള്ളിക്കുന്നും പറഞ്ഞു.