hotel

ഒരുവർഷം മുമ്പത്തെ സബ്സിഡി ലഭിക്കാതെ ജനകീയ ഹോട്ടലുകൾ

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ ഒഴിവ് നികത്താത്തതിനാൽ സർക്കാർ ഫണ്ട് അനുവദിച്ചിട്ടും കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ കുടിശ്ശിക നൽകാനാവുന്നില്ല. ജില്ലയിലെ 140 ഹോട്ടലുകൾക്ക് 2023 ജൂൺ, ജൂലായ്, ആഗസ്റ്റ് വരെ 1.87 കോടി രൂപ കുടിശ്ശികയായി നൽകാനുണ്ട്. ഒരു മാസത്തിലധികമായി ജില്ലാ ട്രഷറിയിൽ ജില്ലാ കോ-ഓ‌‌ർഡിനേറ്ററുടെ അക്കൗണ്ടിൽ തുക കിടക്കുന്നുണ്ട്. ട്രഷറിയിൽ നിന്ന് 25 ലക്ഷത്തിന് മുകളിലുള്ള ഫണ്ടുകൾ പാസാക്കുന്നതിൽ സർക്കാർ ഏർപ്പെടുത്തിയ വിലക്കും ബില്ല് ജെനറേറ്റ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നവും തുടക്കത്തിൽ തടസ്സമായെങ്കിലും ഇത് മറികടന്നതിന് പിന്നാലെ തുക പാസാക്കേണ്ട ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വിരമിച്ചതാണ് തിരിച്ചടിയായത്.

ജനകീയ ഹോട്ടലുകളിൽ ഒരു ഊണിന് 10 രൂപയെന്ന തോതിൽ സർക്കാർ സബ്സിഡി നൽകിയിരുന്നു. ആഗസ്റ്റിന് ശേഷം ഇത് നിറുത്തലാക്കിയെങ്കിലും സബ്സിഡി നൽകിയതിലെ കുടിശ്ശിക സർക്കാർ തീർത്തിരുന്നില്ല. ഹോട്ടലുടമകൾ സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരമടക്കം നടത്തിയതിന് പിന്നാലെ ഏതാനും മാസത്തെ സബ്സിഡി തുക അനുവദിച്ചു. അവ കുടുംബശ്രീ കമ്മിറ്റികളുടെ അക്കൗണ്ടുകളിലുമെത്തി. രണ്ടാംഗഡുവായി അനുവദിച്ച 1.87 കോടി രൂപയാണ് കോ-ഓർഡിനേറ്ററുടെ ഒഴിവിൽ തടസ്സപ്പെട്ട് കിടക്കുന്നത്.

നാല് ജില്ലകളിൽ കോ-ഓർഡിനേറ്ററില്ല

മലപ്പുറത്തെ ജില്ലാ കോ-ഓർഡിനേറ്ററുടെ ഒഴിവ് പെട്ടെന്ന് നികത്തിയോ മറ്റാർക്കെങ്കിലും ചുമതല കൈമാറിയോ ഫണ്ട് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

സൈനബ പുൽപ്പറ്റ, ജനകീയ ഹോട്ടൽ ആക്‌ഷൻ കമ്മിറ്റി കൺവീനർ

സബ്സിഡി ലഭിക്കേണ്ട ഹോട്ടലുകൾ - 140

ലഭിക്കേണ്ട തുക- 1,87,07,980