-b

മലപ്പുറം: ആശുപത്രികളിലെ ഒ.പി രജിസ്‌ട്രേഷൻ മുതൽ രോഗ,​ ചികിത്സാ വിവരങ്ങൾ വരെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ജില്ലയിൽ 24.82 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടും പദ്ധതി പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം തീരെ കുറവ്. പദ്ധതി സംബന്ധിച്ച അവബോധക്കുറവ് മൂലം യുണീക്ക് ഹെൽത്ത് ഐഡന്റന്റി (യു.എച്ച്.ഐ.ഡി)​ എടുത്തവരിൽ പലരും പരിശോധനയ്‌ക്ക് എത്തുമ്പോൾ കാർഡ് കൈവശം വയ്ക്കുന്നില്ല. രോഗിയുടെ മുൻകാലരോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ ഇങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും. ഇ-ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിൽ തുടർചികിത്സ ഉറപ്പാക്കാനുമാവും.

ഫീൽഡ് സർവേ പൂർത്തിയാക്കി വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിച്ചുമുള്ള ഏറെ ശ്രമകരമായ പരിശ്രമങ്ങളിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമായത്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് മലപ്പുറം.

ജില്ലയിൽ ഇതുവരെ 55 ആശുപത്രികളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 23 ആശുപത്രികളിൽ കൂടി വ്യാപിപ്പിക്കും. ഇവിടങ്ങളിൽ കമ്പ്യൂട്ടർ, നെറ്റ്‌വർക്കിംഗ്, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാനുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, 44 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അഞ്ച് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, രണ്ട് താലൂക്ക് ആശുപത്രികൾ, പൊന്നാനി വുമൺ ആൻഡ് ചൈൽഡ് ആശുപത്രി,​ ജില്ലാ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിലാണ് ഇ-ഹെൽത്ത് നടപ്പാക്കിയിട്ടുള്ളത്. ഫെബ്രുവരി ആറിന് തിരൂർ ജില്ലാ ആശുപത്രിയിലാണ് ഏറ്റവും ഒടുവിൽ പദ്ധതി നടപ്പാക്കിയത്.

തിരക്കും കാലതാമസവും ഒഴിവാക്കാം

ഇ-ഹെൽത്ത് പദ്ധതി പൂർത്തിയായ ഇടങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായ മാനേജ്‌മെന്റ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഒ.പി ടിക്കറ്റെടുക്കാൻ ആധാർ നമ്പർ നൽകിയാൽ മതി. ഡോക്ടറുടെ കമ്പ്യൂട്ടറിൽ രോഗിയുടെ പ്രാഥമിക വിവരങ്ങളെത്തും. ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി, ഫാർമസി, നഴ്സിംഗ് ഏരിയാ എന്നിവിടങ്ങളെ പരസ്പരം ബന്ധിപ്പിച്ചതിനാൽ ഇവിടങ്ങളിലെ തിരക്കും കാലതാമസവും ഒഴിവാക്കാനാവും. കടലാസ് രഹിതമായാണ് പ്രവർത്തനങ്ങളെല്ലാം.

ഇ-ഹെൽത്ത് നടപ്പാക്കിയ ആശുപത്രികൾ

> കുടുംബാരോഗ്യ കേന്ദ്രങ്ങളായ തുവ്വൂർ, എ.ആർ.നഗർ, ആലംങ്കോട്, അത്താണിക്കൽ, ചാലിയാർ, ചേലമ്പ്ര, ചാലിശ്ശേരി, ചെറുകാവ്, ചോക്കാട്, എടയൂർ, ഏലംകുളം, കാലടി, കരുളായി, കൂട്ടായി, കോട്ടക്കൽ, കുഴിമണ്ണ, മാറാക്കര, മൂന്നിയൂർ, മൂർക്കനാട്, മൊറയൂർ, നന്നമ്പ്ര, ഒഴൂർ, പാലപ്പെട്ടി, പാണ്ടിക്കാട്, പാങ്ങ്, പരപ്പനങ്ങാടി, പൊന്മല, പൂവത്തിക്കൽ, പോരൂർ, പുളിക്കൽ, തലക്കാട്, താനാളൂർ, താഴേക്കോട്, തിരുനാവായ, തൃക്കലങ്ങേട്,തൃപ്പനച്ചി, തൃപ്പ്രങ്ങോട്, വളവന്നൂർ, പട്ടംകുളം, വാഴക്കാട്, വാഴയൂർ, വഴിക്കടവ്, വെളിയംങ്കോട്, തിരുവാലി.
> അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളായ ബീയ്യം, മംഗലശ്ശേരി, നിലമ്പൂർ, പെരിന്തൽമണ്ണ, വെട്ടിക്കോട്.
> മഞ്ചേരി മെഡിക്കൽ കോളേജ്
>തിരൂർ ജില്ലാ ആശുപത്രി
> മലപ്പുറം പബ്ലിക് ഹെൽത്ത് ലബോറട്ടറി
> മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി
>തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി.

പദ്ധതിയെക്കുറിച്ച് പലർക്കും കൃത്യമായ അവബോധമില്ലാത്തതിനാൽ ഐ.ഡി ഉണ്ടെങ്കിലും പലരും ഉപയോഗിക്കാൻ മടിക്കുകയാണ്.

മുഹമ്മദ് ഫാറൂഖ്, ഇ-ഹെൽത്ത് ജില്ലാ പ്രൊജക്ട് എൻജിനീയർ