സംസ്ഥാനത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 12 വയസുകാരൻ മൃദുൽ രോഗം ബാധിച്ച് വ്യാഴാഴ്ച മരണപ്പെട്ടതോടെ രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇതോടെ രോഗമുണ്ടാക്കുന്ന നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുവും ചർച്ചയാവുകയാണ്.
ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ നീന്താനിറങ്ങുന്നവർ ഈ അമീബയ്ക്കെതിരെ ജാഗ്രത പുലർത്തേണ്ടതും അത്യാവശ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്ക് കടന്ന് കോശങ്ങളെ ഉൾപ്പെടെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. രോഗം വഷളാകുന്ന ഘട്ടത്തിലെത്തുന്നതിനു മുമ്പേ തിരിച്ചറിയാൻ പലപ്പോഴും സാധിക്കാത്തതും മരണനിരക്ക് ഉയർത്തുന്നുണ്ട്. അമീബിക് മസ്തിഷ്കജ്വരം രോഗം കുട്ടികളിലാണ് പ്രധാനമായും കണ്ടുവരുന്നത്.
ആദ്യ കേസ്
ആലപ്പുഴയിൽ
2016ൽ ആലപ്പുഴയിലെ തിരുമലയിലാണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ തൃശൂരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം. ആലപ്പുഴയിൽ രോഗബാധയേറ്റ പതിനഞ്ചുകാരൻ മരണത്തിനു കീഴടങ്ങി. എന്നാൽ ഈ വർഷം, മൂന്ന് കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ തേടുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തത്. അങ്ങനെ ഇതുവരെ ആറ് തവണയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
കണ്ണൂരിൽ നിന്നുള്ള ദക്ഷിണ (13), മലപ്പുറം മുന്നിയൂരിൽ നിന്നുള്ള ഫത്വ (അഞ്ച്), ഫറോക്ക് സ്വദേശിയായ മൃദുൽ (12) എന്നിവരാണ് മരിച്ച മൂന്ന് പേർ. 2015 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലാകെ 16 പേർക്ക് മാത്രമാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. 2021 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകെ 154 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 150 പേർ മരിക്കുകയും 4 പേർ രക്ഷപ്പെടുകയും ചെയ്തു.
2 മാസത്തിനിടെ
3 ജീവനുകൾ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 20നാണ് മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ട - ഫസ്ന ദമ്പതികളുടെ മകൾ ഫത്വ മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിൽ കുളിച്ച ഫദ്വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ ഫദ്വ മരണത്തിന് കീഴടങ്ങി. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു - ധന്യ ദമ്പതികളുടെ മകൾ വി. ദക്ഷിണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 12നാണ് മരിച്ചത്.
ജനുവരിയിൽ സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിംഗ് പൂളിൽ കുളിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നത്. സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുമെങ്കിലും ദക്ഷിണയ്ക്ക് മൂന്നര മാസത്തിന് ശേഷം മേയ് എട്ടിനാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. തലവേദനയും ഛർദ്ദിയും ഭേദമാകാത്തതോടെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെർമമീബ വെർമിഫോമിസ് എന്ന അമീബയാണ് മരണത്തിന് കാരണമായത് എന്നാണ് പരിശോധനാ ഫലത്തിൽ വ്യക്തമായത്.
കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ജൂൺ 24- നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്.
അവഗണിക്കരുത്...
രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.
പ്രധാന
വെല്ലുവിളി
രോഗം ബാധിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അസാദ്ധ്യമാണെന്നതാണ് പ്രധാന വെല്ലുവിളി. 97 ശതമാനത്തിനു മുകളിലാണ് മരണനിരക്ക്. ആഗോള തലത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകൾ പരിശോധിച്ചാൽ 100 ശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത്, രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയത് നാലോ അഞ്ചോ പേർ മാത്രമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ ഇപ്പോഴുമില്ല. രോഗലക്ഷണങ്ങളെ ചികിത്സിക്കുക എന്നതു കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിറുത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യുന്നത്.
തടാകങ്ങൾ, പുഴകൾ, നീരുറവകൾ, അരുവികൾ തുടങ്ങിയിടത്തെല്ലാം രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കാണാം. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാൽ ഈ വെള്ളം കുടിച്ചാൽ അമീബ ഉള്ളിൽ എത്തില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല. നെഗ്ലേരിയ ഫൗലെറി ബാധക്ക് ഉയർന്ന മരണനിരക്ക് ഉണ്ടെങ്കിലും ഇതിന്റെ അണുബാധ നിരക്ക് വളരെ കുറവാണ്. വളരെ കുറഞ്ഞ നിലയിൽ മാത്രമേ ഈ രോഗം കാണപ്പെടാറുള്ളൂ. 1965ൽ ഓസ്ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ ഈ അമീബയുടെ സാന്നിദ്ധ്യം പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്.