തിരൂർ: കഴിഞ്ഞ സാമ്പത്തിക വർഷം ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ ഉടൻ പാസ്സാക്കി നൽകണമെന്ന് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ(എ.കെ.ജി.സി.എ) തിരൂർ താലൂക്ക് കമ്മിറ്റി കൺവീനർ സലീം കൂട്ടായി ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മാർച്ച്‌ മാസം അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറിനൽകാൻ സർക്കാർ ഉത്തരവില്ലെന്നും പറഞ്ഞ് സമർപ്പിച്ച മുഴുവൻ ബില്ലുകളും തദ്ദേശ സ്ഥാപങ്ങൾക്കും മറ്റും തിരിച്ചേൽപ്പിച്ചിരുന്നു. തുടർന്ന് അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ബാങ്ക് ഡിസ്‌കൗണ്ട് സിസ്റ്റം മുഖേന മാത്രമേ പണം ലഭിക്കൂ എന്നുപറഞ്ഞ് പുതിയ ഉത്തരവിറക്കി. ഇങ്ങനെ ലഭിക്കുന്ന ബില്ലുകളുടെ പണത്തിനു ബാങ്കുകൾക്ക് കരാറുകാരൻ പലിശ നൽകണം. എന്നാൽ പല ബാങ്കുകളും ഇതിനു തയ്യാറല്ല. ചെയ്ത പണികൾക്ക്‌ പണം ലഭിക്കാൻ പലിശ നൽകേണ്ട ഗതികേടിലാണ് കരാറുകാർ. ജൂൺ മാസം 26 ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി പുതിയ ഉത്തരവിലൂടെ ട്രഷറി ഡയരക്ടർക്ക്‌ അയച്ച കത്തിൽ ജൂൺ 26മുതൽ 25ലക്ഷം വരെയുള്ള ബില്ലുകൾ മാറിനൽകണമെന്ന് പറയുന്നു.നേരത്തെ ട്രഷറിയിൽ നിന്നും മടക്കിയ ബില്ലുകളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത് തീർത്തും അനീതിയാണ്. ബില്ലുകളുടെ മുൻഗണനാ ക്രമം പാലിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബില്ലുകൾ ഉടൻ പാസാക്കി നൽകണമെന്ന് അദ്ദേഹം പറഞ്ഞു.