മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം നടക്കുന്നതായി പരാതി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അഡ്വ.ഷഫീർ കിഴിശേരിയാണ് മലപ്പുറം സൈബർ സെല്ലിൽ ഓൺലൈനായി പരാതി നൽകിയത്.
ബിനോയ് വിശ്വമെന്ന പേരിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പിൽ സൗഹൃദ സന്ദേശം അയയ്ക്കുകയും തുടർന്ന് പണം ആവശ്യപ്പെടുകയുമായിരുന്നു.18,000 രൂപയാണ് ചോദിച്ചത്. പണം അയയ്ക്കാനായി മറ്റൊരു ഗൂഗിൾ പേ നമ്പരും പങ്കുവച്ചു. സംശയം തോന്നിയതിനാൽ ബിനോയ് വിശ്വത്തെ വിളിച്ചു ചോദിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസിലായത്.