മലപ്പുറം: മമ്പുറം ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കം. അസർ നമസ്‌കാരാനന്തരം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ചയ്ക്ക് തുടക്കമാവും. അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മഖാമിൽ കൂട്ടപ്രാർത്ഥന നടത്തും. രാത്രി മജ്ലിസുന്നൂർ ആത്മീയ സദസിന് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. എട്ട്, ഒൻപത്, 10, 12 തിയതികളിൽ രാത്രി ഏഴരയ്ക്ക് മതപ്രഭാഷണങ്ങൾ ആരംഭിക്കും. എട്ടിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 9ന് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും അൻവർ അലി ഹുദവി പുളിയക്കോട് പ്രഭാഷണവും നിർവഹിക്കും. 10ന് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഹ്മദ് കബീർ ബാഖവി കാഞ്ഞാർ പ്രസംഗിക്കും. 12ന് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണവും നിർവഹിക്കും. 11ന് രാത്രി മഖാമിലെ സ്വലാത്തിന് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും.13ന് രാവിലെ 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാർ അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷനാവും. 'മലബാറിലെ തങ്ങൾ പാരമ്പര്യവും സാമൂഹ്യനീതിക്കായുള്ള മുന്നേറ്റങ്ങളും' വിഷയത്തിൽ ഡോ. കെ.എസ്. മാധവൻ മുഖ്യപ്രഭാഷണം നടത്തും.
രാത്രി മമ്പുറം തങ്ങൾ അനുസ്മരണം സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫ ഫൈസി തിരൂർ ഉദ്ഘാടനം ചെയ്യും. സനനദ് ദാനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിക്കും.
സമാപന ദിവസമായ 14ന് രാവിലെ എട്ട് മുതൽ അന്നദാനം നടക്കും. സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമാപന പ്രാർത്ഥനയ്ക്ക് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വമേകും. വാർത്താസമ്മേളനത്തിൽ സംഘാടകരായ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സി.കെ.മുഹമ്മദ് ഹാജി പുകയൂർ, ഹംസ ഹാജി മൂന്നിയൂർ, മുഹമ്മദ് കബീർ ഹാജി ഓമച്ചപ്പുഴ, ഇബ്റാഹീം ഹാജി തയ്യിലക്കടവ്‌ പങ്കെടുത്തു.