മലപ്പുറം: കുടുംബശ്രീയിലൂടെ തൊഴിൽ സാദ്ധ്യത തേടി 70ഓളം കേൾവി പരിമിതർ. സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ആവശ്യമായ പരിശീലനങ്ങൾ, വിവിധ ഉത്പന്ന വിപണനം എന്നിവ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഉറപ്പാക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടർ വി.ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കുള്ള പരിശീലനം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ നൽകുമെന്ന് കളക്ടർ അറിയിച്ചു.
തൊഴിൽ കണ്ടെത്തുന്നതിന് കുടുംബശ്രീ മുഖാന്തിരം ചെയ്യാൻ കഴിയുന്ന സഹായങ്ങൾ സംബന്ധിച്ച് ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ്. ഹസ്‌കർ വിശദീകരിച്ചു. കേൾവി പരിമിതരായ ആളുകളിൽ സ്വയംതൊഴിൽ സംരംഭ രംഗത്തേക്ക് വരുന്നവരുടെ എണ്ണം വിരളമാണെന്നും സർക്കാരിന്റെയോ സർക്കാരിത ഏജൻസികളുടെയോ സഹായം ലഭ്യമാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയിലെ ഹർജിയെ തുടർന്നാണ് യോഗം സംഘടിപ്പിച്ചത്.
ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ്, ജില്ലാ ബധിര അസോസിയേഷൻ ഭാരവാഹികളായ മുജീബ് റഹ്മാൻ, അബ്ദുൽ ലത്തീഫ്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് കട്ടുപ്പാറ, പ്രോഗ്രാം മാനേജർ അഭിജിത്ത് മാരാർ , ബ്ലോക്ക് ഓർഡിനേറ്റർ സമീർ തുടങ്ങിയവർ പങ്കെടുത്തു.