നിലമ്പൂരിൽ : പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വെള്ളിമുറ്റം പാത്രക്കുണ്ട് കാട്ടുപറമ്പിൽ റോയിക്കാണ് പരിക്കേറ്റത്. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. രാവിലെ കൂട്ടുകാരനായ സുബിനൊപ്പം റോയി മുരിക്കാഞ്ഞിരത്തെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു. ഇതിനിടെ കാട്ടുപന്നിയെ കണ്ട സുബിൻ ബൈക്കിൽ നിന്നും ചാടി. എന്നാൽ ബൈക്കിൽ ഇരിക്കുകയായിരുന്ന റോയിയുടെ വലുതുകാലിന്റെ തുടയുടെ ഭാഗത്ത് തേറ്റ കൊണ്ട് കുത്തിയ കാട്ടുപന്നി ബൈക്ക് അടക്കം മറച്ചിടുകയായിരുന്നു. സാരമായി പരിക്കേറ്റ റോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പിനും വിധേയനാക്കി. റോഡിൽ വീണ കാട്ടുപന്നിക്ക് പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്ന് കൂട്ടുകാരനായ സുബിൻ പറഞ്ഞു. പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം കാട്ടുപന്നിയെ പിന്നീട് വനപാലകർ വെടിവെച്ച് കൊന്നു. ശേഷം പെട്രോൾ ഒഴിച്ച് കുഴിച്ചിടുകയായിരുന്നു. വെള്ളിമുറ്റം പാത്രകുണ്ട്, മുരികാഞ്ഞിരം ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.